swaraj

കൊച്ചി: ആർഎസ്‌എസിന്റെ അടിമയായ ശിപായിയുടെ റോളാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെന്ന് പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം. സ്വരാജ്. ഗവർണർ പദവിയുടെ അന്തസും മാന്യതയും അദ്ദേഹം കളഞ്ഞുകുളിച്ചതായും സ്വരാജ് വിമർശിച്ചു.മലയാളികളുടെ പ്രീതി നഷ്‌ടപ്പെട്ട ഗവർണർ സ്ഥാനം രാജിവയ്‌ക്കണമെന്നും എം.സ്വരാജ് ആവശ്യപ്പെട്ടു.

സർക്കാരിന്റെ ഉപദേശമനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടത്. എന്നാൽ അദ്ദേഹം ഇപ്പോൾ ആർഎസ്‌എസ് കാര്യാലയത്തിന്റെ ശിപായിയായി ആർജ്ജവമില്ലാത്ത അടിമയായി പ്രവർത്തിക്കുകയാണെന്നും അത്തരത്തിലാണ് അദ്ദേഹം മുന്നോട്ട് പോകുന്നതെന്നും എം.സ്വരാജ് പറഞ്ഞു.

ശുദ്ധവിവരക്കേടിന്റെ പര്യായമാണ് ഗവർണറെന്ന് അഭിപ്രായപ്പെട്ട സ്വരാജ് ഗവർണർ അഴിമതിക്കാരനാണെന്നും ആരോപിച്ചു. ആരിഫ് മുഹമ്മദ് ഖാന്റെ പ്രീതി കൊണ്ടല്ല കെ.എൻ ബാലഗോപാൽ മന്ത്രിയായതെന്നും ജനങ്ങൾ തിരഞ്ഞെടുത്തതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണിയ്‌ക്ക് ഭൂരിപക്ഷമുള‌ളിടത്തോളം ആര് മന്ത്രിയാവണമെന്ന് തീരുമാനിക്കുന്നത് മുന്നണിയും മുഖ്യമന്ത്രിയുമാണെന്നും സ്വരാജ് അഭിപ്രായപ്പെട്ടു. ഗവർണർ വിവാദമുണ്ടാക്കുന്നത് ആ പദവിയോട് എന്തെങ്കിലും ബഹുമാനം ജനങ്ങൾക്കുണ്ടെങ്കിൽ അതില്ലാതാക്കാനേ സഹായിക്കു എന്നും ഓർമ്മിപ്പിച്ചു.