russia

മോസ്കോ: തങ്ങൾക്കെതിരെ യുക്രെയിൻ 'ഡേർട്ടി ബോംബ്" ഉപയോഗിക്കാൻ പോകുന്നെന്ന ആരോപണം ശക്തമാക്കി റഷ്യ. ഇത് സംബന്ധിച്ച് യു.എന്നിലും പാശ്ചാത്യ രാജ്യ പ്രതിനിധികളോടും റഷ്യ ആശങ്ക അറിയിച്ചു. ഇന്നലെ ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെ ഫോണിൽ വിളിച്ച റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷൊയ്‌ഗു ഡേർട്ടി ബോംബ് വിഷയം ചർച്ച ചെയ്തു. അടുത്തിടെ യു.കെ, യു.എസ്, തുർക്കി പ്രതിരോധ മന്ത്രിമാരെയും ടെലിഫോണിൽ ബന്ധപ്പെട്ട് ഷൊയ്‌ഗു വിഷയം ഉന്നയിച്ചിരുന്നു.

ഡേർട്ടി ബോംബ്

 മറ്റൊരു പേര് - റേഡിയോളജിക്കൽ ഡിസ്പേഴ്സൽ ഡിവൈസ്

 ഡൈനാമൈറ്റ് പോലുള്ള പരമ്പരാഗത സ്‌ഫോടക വസ്തുക്കൾക്കൊപ്പം യുറേനിയം പോലുള്ള റേഡിയോ ആക്ടീവ് പദാർത്ഥങ്ങൾ സംയോജിപ്പിച്ച് നിർമ്മിക്കുന്ന ആയുധം

 ഡേർട്ടി ബോംബ് ആണവായുധമല്ല

റഷ്യയുടെ ആരോപണം

 യുക്രെയിൻ ഡേർട്ടി ബോംബ് പ്രയോഗിക്കും. ഇത് മൂലമുണ്ടാകുന്ന റേഡിയോ ആക്ടീവ് മലിനീകരണത്തിന്റെ ഉത്തരവാദിത്വം റഷ്യയ്ക്ക് മേൽ ചുമത്തും

 കഴിഞ്ഞാഴ്ചയാണ് റഷ്യ ആദ്യമായി ആരോപണം ഉന്നയിച്ചത്

 യു.എൻ സെക്യൂരിറ്റി കൗൺസിലിലും റഷ്യ ആരോപണം ഉന്നയിച്ചു

 എന്നാൽ ഇതുവരെ തെളിവുകൾ പുറത്തുവിടാനായിട്ടില്ല

 ആരോപണം എന്തിന് ?​

 യുക്രെയിന് പാശ്ചാത്യ രാജ്യങ്ങൾ ആയുധങ്ങൾ നൽകുന്നത് കുറയ്ക്കാൻ എന്ന് സംശയം

 യുക്രെയിനിൽ ആക്രമണം ശക്തമാക്കാനുള്ള റഷ്യൻ തന്ത്രം. യുക്രെയിനിൽ ഡേർട്ടി ബോംബ് പ്രയോഗിച്ച് ആരോപണം യുക്രെയിന് മേൽ ചുമത്താനുള്ള റഷ്യൻ ഗൂഢാലോചനയെന്ന് യു.എസ്

 എന്നാൽ ഇത്തരം ആയുധ പ്രയോഗത്തിന് റഷ്യ മുതിരില്ലെന്നും വിലയിരുത്തൽ

 യുക്രെയിന്റെ പ്രതികരണം

 ആരോപണം വ്യാജം

 റഷ്യ ഇങ്ങനെ ഒരു ആരോപണം പറയുന്നുണ്ടെങ്കിൽ അങ്ങനെയൊരു പദ്ധതി അവർ തയാറാക്കി പ്രയോഗിക്കാൻ ഒരുങ്ങുന്നുവെന്നാണ് അർത്ഥമെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി

 യു.എസ്, യു.കെ, ഫ്രാൻസ് എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ റഷ്യയുടെ ആരോപണം തള്ളി

--------------------------------------------------------------------------------------------------------

ഡേർട്ടി ബോംബ് v/s ആണവായുധം

 ആണവായുധം

 പൊട്ടിത്തെറിക്കുമ്പോൾ ആറ്റങ്ങൾ വിഭജിക്കപ്പെടുന്നു. തത്ഫലമായി വൻ ഊർജം പുറന്തള്ളുന്നു

 ദൂരവ്യാപക റേഡിയോ ആക്ടീവ് പ്രത്യാഘാതം

 ഒരു നഗരത്തെ പൂർണമായും നശിപ്പിക്കുന്നു

 ലക്ഷക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെടാം. കാൻസർ പോലുള്ള ഗുരുതര രോഗങ്ങൾ ഭാവിയിലുണ്ടാകാം

 മനുഷ്യർക്ക് ഹാനികരം

 ഹിരോഷിമയിലും നാഗസാക്കിയിലും അറ്റോമിക് ബോംബുകൾ പ്രയോഗിച്ചു

 നിർമ്മാണ ചെലവ് കൂടുതൽ

 ഡേർട്ടി ബോംബ്

 അടിസ്ഥാന സൗകര്യങ്ങൾ തകർക്കുന്നതിന് പകരം പൊട്ടിത്തെറിയിലൂടെ റേഡിയോ ആക്ടീവ് പദാർത്ഥങ്ങളോ മറ്റോ പുറന്തള്ളുക എന്ന ഉദ്ദേശത്തോടെ ഉപയോഗിക്കുന്നു. ആളുകളിൽ ഭീതിപരത്തുക ലക്ഷ്യം

 റേഡിയോ ആക്ടീവ് മലിനീകരണം സ്ഫോടന പരിധിയ്ക്കുള്ളിൽ

 ഏതാനും കെട്ടിടങ്ങളെ മാത്രം നശിപ്പിക്കുന്നു

 ആളുകളെ കൊല്ലാനോ ഗുരുതര രോഗങ്ങൾക്ക് കാരണമാകുന്നതിനോ മതിയായ വികിരണം പുറത്തുവിടുന്നില്ലെങ്കിലും സ്ഫോടന പ്രദേശങ്ങൾ വർഷങ്ങളോളം ഉപയോഗ ശൂന്യമായേക്കാം

 കാര്യക്ഷമത അനുസരിച്ച് ദോഷഫലങ്ങൾ

 ഇതുവരെ ഉപയോഗിക്കപ്പെട്ടതായി രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ മോസ്കോയിലും യു.എസിലും ഡേർട്ടി ബോംബ് സ്ഫോടനങ്ങൾക്കുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്

 നിർമ്മാണ ചെലവ് കുറവ്

--------------------------------------------------------------------------------------------------------

 റഷ്യയും യുക്രെയിനും ആണവായുധം ഉപയോഗിക്കരുത്: രാജ്‌നാഥ് സിംഗ്

മോസ്കോ: 'ഡേർട്ടി ബോംബ്" പ്രയോഗിച്ച് യുക്രെയിൻ പ്രകോപനത്തിന് തയ്യാറെടുക്കുന്നതായി ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനോട് ആശങ്ക രേഖപ്പെടുത്തി റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷൊയ്ഗു. ഇന്നലെ ഇരുവരും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിനിടെയിലാണ് ഷൊയ്ഗുവിന്റെ പരാമർശം.

അതേസമയം, യുക്രെയിൻ - റഷ്യ സംഘർഷത്തിൽ ഇരുഭാഗങ്ങളിൽ നിന്നും ആണവായുധം പ്രയോഗിക്കരുതെന്ന് രാജ്‌നാഥ് സിംഗ് ഷൊയ്ഗുവിനോട് പ്രതികരിച്ചു.

ആണവ, റേഡിയോളജിക്കൽ ആയുധങ്ങളുടെ പ്രയോഗം മാനവികതയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണെന്നും എന്തുവിലകൊടുത്തും അത്തരം സാഹചര്യം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഘർഷം എത്രയും വേഗം പരിഹരിക്കാൻ ഇരുകൂട്ടരും നയതന്ത്ര ചർച്ചകൾ നടത്തണമെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.