
■സർക്കാർ-ഗവർണർ ഏറ്റുമുട്ടൽ നിയമ യുദ്ധത്തിലേക്ക്
തിരുവനന്തപുരം: ദേശീയ ഐക്യത്തെയും അഖണ്ഡതയെയും ബാധിക്കുന്ന തരത്തിൽ പ്രസംഗം നടത്തിയ ധനമന്ത്രി കെ.എൻ. ബാലഗോപാലിനുമേൽ തനിക്കുള്ള പ്രീതി നഷ്ടമായതിനാൽ, രാജി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ കത്ത്. ഗവർണറുടെ പ്രീതി ഇല്ലാതാക്കുന്ന പ്രസ്താവനയൊന്നും നടത്താത്ത മന്ത്രി ബാലഗോപാലിൽ തനിക്കുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലാത്തതിനാൽ രാജി സാദ്ധ്യമല്ലെന്ന് തിരിച്ചടിച്ച് മുഖ്യമന്ത്രി. ഇതോടെ,സർക്കാർ-ഗവർണർ പോര് തുറന്ന രാഷ്ട്രീയ-നിയമ യുദ്ധത്തിന്റെയും, ഭരണഘടനാ പ്രതിസന്ധിയുടെയും തലത്തിലെത്തി.
രണ്ടും കൽപ്പിച്ചാണ് ഗവർണറുടെ നീക്കം.ഗവർണറുടെ അപ്രീതിയെ അവഗണിച്ച് നീങ്ങാനുള്ള രാഷ്ട്രീയ തീരുമാനത്തിൽ സർക്കാരും ഇടതുമുന്നണിയും. എന്നാൽ മന്ത്രിക്ക് മേൽ പ്രീതി നഷ്ടമായതിനാൽ നടപടിയാവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകുന്നത് അപൂർവ നീക്കമായിരിക്കെ, തുടർചലനങ്ങളിൽ ആകാംക്ഷയേറുന്നു. ഗവർണറുടെ പ്രീതി എന്നതിന്റെ നിർവചനത്തെച്ചൊല്ലിയും നിയമ കേന്ദ്രങ്ങളിൽ വാദ പ്രതിവാദങ്ങൾ മുറുകി.
ഗവർണർക്കെതിരെ ശക്തമായ പ്രചാരണ പരിപാടികൾക്കാണ് സി.പി.എമ്മിന്റെയും ഇടതുമുന്നണിയുടെയും തീരുമാനമെങ്കിലും, ഗവർണറുടെ അസാധാരണനീക്കം നിയമക്കുരുക്കിലേക്ക് വഴിതുറക്കാനുള്ള സാദ്ധ്യത തള്ളാനാവില്ല.അതിനാൽ, കരുതലോടെയും പ്രകോപനമൊഴിവാക്കിയും നീങ്ങാനാണ് ഭരണതലത്തിലെ ധാരണയെന്നറിയുന്നു.
ഗവർണർ സർക്കാരിന്റെ ഉപദേശനിർദ്ദേശങ്ങൾക്കനുസരിച്ച് മാത്രം പ്രവർത്തിക്കണമെന്ന സുപ്രീംകോടതി വിധികളുടെ പിൻബലത്തിലും, മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരമാണ് ഗവർണർ മന്ത്രിമാരെ നിയമിക്കുന്നത് എന്നതിനാലും മന്ത്രി മാറേണ്ടതില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി ഗവർണറെ അറിയിച്ചിരിക്കുന്നത്. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശപ്രകാരമാണിത്.
മന്ത്രിക്കെതിരായ ഗവർണറുടെ നീക്കം നിഷ്കളങ്കമല്ലെന്ന നിഗമനത്തിലേക്ക് പ്രതിപക്ഷവുമെത്തിയത് സർക്കാരിന് ഗുണമായി. അതേസമയം സർക്കാരിന്റെ നയങ്ങളോട് സന്ധിയില്ലെന്ന് വ്യക്തമാക്കിയ പ്രതിപക്ഷം, ഇത് വ്യാജ ഏറ്റുമുട്ടലെന്ന് പരിഹസിക്കുകയും ചെയ്തു.
ഗവർണറുടെ സ്വവിവേക
നീക്കത്തിൽ ചോദ്യമില്ല
ഭരണഘടനാ അനുച്ഛേദം 163ലെ രണ്ടാം ഉപവകുപ്പിൽ പറയുന്നത്, സ്വവിവേകം ഉപയോഗിച്ച് ഗവർണർ നടത്തുന്ന പ്രവൃത്തി എവിടെയും ചോദ്യം ചെയ്യപ്പെടാൻ പാടില്ലെന്നാണ്.
അനുച്ഛേദം 164 പറയുന്നു: മുഖ്യമന്ത്രിയെ ഗവർണർ നിയമിക്കേണ്ടതും മന്ത്രിമാരെ മുഖ്യമന്ത്രിയുടെ ഉപദേശത്തിന്മേൽ ഗവർണർ നിയമിക്കേണ്ടതും മന്ത്രിമാർ ഗവർണർക്ക് ഇഷ്ടമുള്ളിടത്തോളം കാലം ഉദ്യോഗം വഹിക്കേണ്ടതുമാകുന്നു. ഗവർണർക്ക് ഇഷ്ടമില്ലാതായ സ്ഥിതിക്ക് ഈ ഭരണഘടനാപ്രതിസന്ധി കാണിച്ചുള്ള കത്ത് മറ്റേതെങ്കിലും വ്യക്തി കോടതിയിൽ ചോദ്യം ചെയ്താലുള്ള പ്രത്യാഘാതമെന്തെന്നതും ചോദ്യം.
പ്രീതി വ്യക്തിപരമല്ല
ഗവർണർക്ക് പ്രീതിയുള്ളിടത്തോളം മന്ത്രിമാർക്ക് തുടരാമെന്ന ഭരണഘടനാവ്യവസ്ഥ, വ്യക്തിപരമായ പ്രീതിയല്ലെന്നാണ് മറുവാദം. മുഖ്യമന്ത്രി പുറത്താക്കണമെന്ന് പറയാതെ ഒരു മന്ത്രിയുടെയും സ്ഥാനം നഷ്ടപ്പെടില്ല. ഷംസേർസിംഗും പഞ്ചാബ് സർക്കാരും തമ്മിലെ കേസിൽ ജസ്റ്റിസ് കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള ഭരണഘടനാബെഞ്ചിന്റെ വിധിയിൽ ഗവർണർക്ക് പ്രത്യേക വിവേചനാധികാരമില്ലെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്.
ഉണ്ടയില്ലാ
വെടിയാവുമോ?
ഗവർണറുടെ കത്തിൽ വിവിധ നേതാക്കൾ സംഘടിതമായി ആക്രമണം കനപ്പിച്ചതും, മന്ത്രിക്കെതിരായ നീക്കത്തിൽ നിയമവിദഗ്ദ്ധർ സംശയം പ്രകടിപ്പിച്ചതുമാണ് സർക്കാരിനായുധം. ഗവർണറുടേത് ഉണ്ടയില്ലാ വെടിയായി അവശേഷിക്കുമോയെന്ന ചോദ്യവും ശക്തം.
ഗവർണറുടെ 'പ്രീതി"വ്യക്തിപരമായ
ഇഷ്ടാനിഷ്ടങ്ങളല്ല
കൊച്ചി: ഭരണഘടനയിൽ വ്യവസ്ഥ ചെയ്യുന്ന 'ഗവർണറുടെ പ്രീതി വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളല്ലെന്നും, അനിയന്ത്രിതമായ അധികാരമല്ലെന്നും യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പ്രോസിക്യൂഷൻ ഡയറക്ടർ ജനറലായിരുന്ന അഡ്വ. ടി. അസഫ് അലി വ്യക്തമാക്കി. ഭരണഘടനാ പ്രതിസന്ധി രൂപപ്പെടുന്ന ഘട്ടങ്ങളിലാണ് ഗവർണറുടെ പ്രീതി പ്രസക്തമാകുന്നത്. ഇവിടെ ഒരു മന്ത്രി ഗവർണറെ വിമർശിച്ചത് എങ്ങനെ ഭരണഘടനാ പ്രതിസന്ധിയാകും?
ഭരണഘടനയിലെ ആർട്ടിക്കിൾ 164 (1) പ്രകാരം, മുഖ്യമന്ത്രിയുടെ ഉപദേശമനുസരിച്ച് ഗവർണറാണ് മന്ത്രിമാരെ നിയമിക്കുന്നത്. ഇവർക്ക് ഗവർണറുടെ പ്രീതി നിലവിലുള്ള കാലം പദവിയിൽ തുടരാം. ഗവർണറുടെ പ്രീതി നഷ്ടമാകുന്നതോടെ ഇവരുടെ പദവി നഷ്ടമാകുമെന്ന് ഇതിന് അർത്ഥമില്ല. ആർട്ടിക്കിൾ 164 (2) ൽ മന്ത്രിസഭയുടെ കൂട്ടുത്തുരവാദിത്വം നിയമസഭയോടാണെന്ന് പറയുന്നു. ഗവർണറുടെ പ്രീതി നഷ്ടമാകുമ്പോൾ പദവിയും നഷ്ടമാകുമെങ്കിൽ കൂട്ടുത്തരവാദിത്വം ഗവർണറോടാണ് എന്നു പറയേണ്ടിയിരുന്നു. ഗവർണർക്ക് സ്വതന്ത്രമായി മന്ത്രിയെ പുറത്താക്കാൻ അധികാരമില്ല.
ബാലഗോപാൽ
അന്നു പറഞ്ഞത്
യു.പിയിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് കേരളത്തിലെ സർവകലാശാലകളെപ്പറ്റി മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്.
ഗവർണറുടെ
കത്തിൽ
മന്ത്രി ബാലഗോപാലിന്റെ പ്രസംഗം രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ദേശീയ ഐക്യത്തിനും വിരുദ്ധം. അതുകൊണ്ട് പുറത്താക്കണം.
മന്ത്രിയുടെ പ്രസംഗം ഗവർണറുടെ പ്രീതി പിൻവലിക്കുന്നതിന് കാരണമാവുന്നില്ല. ധനമന്ത്രിയോടുള്ള എന്റെ വിശ്വസ്തതയും പ്രതീക്ഷയും ഇപ്പോഴും യാതൊരു കുറവുമില്ലാതെ തുടരുകയാണ്
- മുഖ്യമന്ത്രി പിണറായി വിജയൻ
ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചതിൽ അഭിപ്രായം പറയുന്നത് ഉചിതമല്ല. ഇന്ത്യയിൽ തന്നെ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നറിയില്ല.
- കെ.എൻ.ബാലഗോപാൽ, ധനമന്ത്രി