
ലോകകപ്പിൽ ഇന്ന് ഇന്ത്യ നെതർലാൻഡ്സിനെ നേരിടുന്നു
12.30 am മുതൽ സ്റ്റാർ സ്പോർട്സിലും ഹോട്ട്സ്റ്റാറിലും
സിഡ്നി : പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിലെ അടിപൊളി വിജയത്തിന്റെ ആരവമടങ്ങുംമുന്നേ ഇന്ത്യ ഇന്ന് ട്വന്റി-20 ലോകകപ്പിന്റെ സൂപ്പർ 12 റൗണ്ടിലെ രണ്ടാം മത്സരത്തിൽ നെതർലാൻഡ്സിനെ നേരിടാനിറങ്ങുന്നു. മെൽബണിൽ ചിരവൈരികൾക്കെതിരെ എക്കാലവും ഓർത്തിരിക്കാൻ കഴിയുന്ന വിജയം നേടിയ ഇന്ത്യയ്ക്ക് ഇന്ന് സിഡ്നിയിലും വിജയം ആവർത്തിക്കാനായാൽ സെമി ഫൈനൽ സാദ്ധ്യതകൾ വർദ്ധിപ്പിച്ച് ബാക്കിയുള്ള മത്സരങ്ങളിലെ സമ്മർദ്ദം കുറയ്ക്കാം..
ഇന്ത്യയെ സംബന്ധിച്ചിടത്തോളം നെതർലാൻഡ്സ് അത്ര ഭയപ്പെടേണ്ട ടീമല്ല. സൂപ്പർ 12 റൗണ്ടിലെ ആദ്യ മത്സരത്തിൽ അവർ ബംഗ്ളാദേശിനോട് തോറ്റിരുന്നു. എന്നാൽ കാലാവസ്ഥയുടെ ചതികളും അട്ടിമറികളുംകൊണ്ട് ഇതിനകംതന്നെ ശ്രദ്ധനേടിയ ഈ ലോകകപ്പിൽ ഒട്ടും അലസതകൂടാതെ മുന്നേറാനാണ് രോഹിത് ശർമ്മയും കൂട്ടരും ശ്രമിക്കുക. അതേസമയം മുൻനിര താരങ്ങൾക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കത്തക്കരീതിയിൽ പ്ളേയിംഗ് ഇലവനിൽ മാറ്റങ്ങൾ വരുത്താനും സാദ്ധ്യതയുണ്ട്. ഹാർദിക് പാണ്ഡ്യയ്ക്ക് നേരിയ പരിക്കിന്റെ ഭീഷണിയുള്ളതിനാൽ വിശ്രമം നൽകുമെന്നാണ് സൂചന.
സൂപ്പർ 12 റൗണ്ടിലെ രണ്ടാം ഗ്രൂപ്പിൽ രണ്ട് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഇന്ത്യ. രണ്ട് പോയിന്റുള്ള ബംഗ്ളാദേശ് റൺറേറ്റിലെ മികവിൽ ഒന്നാമതാണ്. പോയിന്റ് നേടാൻ കഴിയാത്ത നെതർലാൻഡ്സ് ആറാം സ്ഥാനത്താണ്.
ഇന്ത്യയുടെ ലക്ഷ്യങ്ങൾ
1. സൂപ്പർ 12റൗണ്ടിൽ നിന്ന് സെമിയിലേക്ക് മുന്നേറാൻ മൂന്ന് വിജയങ്ങളെങ്കിലും അനിവാര്യമാണ്. . ഗ്രൂപ്പിൽ നെതർലാൻഡ്സ്,സിംബാബ്‌വെ എന്നീ ടീമുകൾക്കെതിരെകൂടി വിജയിച്ചാൽ ടെൻഷൻ കൂടാതെ ദക്ഷിണാഫ്രിക്ക,ബംഗ്ളാദേശ് എന്നിവരെ നേരിടാം.
2. പാകിസ്ഥാനെതിരെ കളിക്കാൻ അവസരം ലഭിക്കാതിരുന്ന റിഷഭ് പന്ത്,ദീപക് ഹൂഡ എന്നിവരെ പരീക്ഷിക്കാൻ നല്ല അവസരമാണിന്ന്.
3. പരിചയസമ്പത്ത് കുറഞ്ഞ പേസർമാരെയും കളിപ്പിക്കാൻ പറ്റിയ എതിരാളികളാണ് നെതർലാൻഡ്സ്.
4. വിജയത്തുടർച്ച നിലനിറുത്തുന്നത് ടീമിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കും.
5.ആദ്യ മത്സരത്തിലെ പിഴവുകൾ പരിഹരിക്കാനുള്ള അവസരം.
സാദ്ധ്യതാ ഇലവനുകൾ
ഇന്ത്യ : രോഹിത് ശർമ്മ(ക്യാപ്ടൻ),കെ.എൽ രാഹുൽ,വിരാട് കൊഹ്‌ലി,സൂര്യകുമാർ യാദവ്,ഹാർദിക് പാണ്ഡ്യ/ദീപക് ഹൂഡ,ദിനേഷ് കാർത്തിക്/റിഷഭ് പന്ത്,അക്ഷർ പട്ടേൽ,മുഹമ്മദ് ഷമി, അശ്വിൻ/ചഹൽ, ഭുവനേശ്വർ കുമാർ,അർഷ്ദീപ് സിംഗ്
നെതർലാൻഡ്സ് :മാക്സ് ഓ ഡോവ്ഡ്, വിക്രം ജീത് സിംഗ്,ബാസ് ഡി ലീഡ്,കോളിൻ അക്കർമാൻ,ടോം കൂപ്പർ,സ്കോട്ട് എഡ്വാർഡ്സ്(ക്യാപ്ടൻ&വിക്കറ്റ് കീപ്പർ),ടിം പ്രിംഗിൾ,ടിം വാൻഡർ ഗുട്ടെൻ,ഫ്രെഡ് ക്ളാസെൻ,പോൾ വാൻ മീക്കെറെൻ,ഷാരിസ് അഹമ്മദ്/വാൻഡെർമെർവ്.
പിച്ച്
ബാറ്റിംഗിനെ തുണയ്ക്കുന്നതാണ് സിഡ്നിയിലെ പിച്ച്.ആദ്യ മത്സരത്തിൽ ഇവിടെ ന്യൂസിലാൻഡ് 200 റൺസടിച്ചിരുന്നു.മഴ നാളെ ഇന്ത്യയുടെ കളിയെ ബാധിക്കില്ലെന്നാണ് കാലാവസ്ഥാ പ്രവചനം.