
ബീജാപൂർ: ഹിജാബ് ധരിച്ച ഒരു വനിത ഒരിക്കൽ ഇന്ത്യൻ പ്രധാനമന്ത്രിയാകണമെന്ന് താൻ ആഗ്രഹിക്കുന്നതായി എഐഎംഐഎം അദ്ധ്യക്ഷൻ അസദ്ദുദ്ദീൻ ഒവൈസി. കർണാടകയിലെ ബീജാപൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അസദ്ദുദ്ദീൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ബീജാപൂർ മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇവിടെ പ്രചാരണത്തിനെത്തിയതായിരുന്നു അദ്ദേഹം. ഒക്‌ടോബർ 28ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഇവിടെ നാല് വാർഡുകളിൽ എഐഎംഐഎം സ്ഥാനാർത്ഥികൾ മത്സരിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി റോഡ്‌ഷോയിലും അദ്ദേഹം പങ്കെടുത്തു.മുൻപ് ഫെബ്രുവരി മാസത്തിലും കർണാടകയിൽ മുസ്ളീം വനിതകൾ ധൈര്യത്തോടെ ഹിജാബും ബുർഖയും ധരിക്കാൻ അസദ്ദുദ്ദീൻ ആഹ്വാനം ചെയ്‌തിരുന്നു.
അതേസമയം അസദ്ദുദ്ദീൻ ഒവൈസിയുടെ പ്രസ്‌താവനയ്‌ക്കെതിരെ ബിജെപി ശക്തമായി തിരിച്ചടിച്ചു. അസദ്ദുദ്ദീൻ ഒവൈസിയുടെ പാർട്ടിയുടെ അദ്ധ്യക്ഷ പദവിയിൽ ഒരു വനിത ഹിജാബ് എന്നെത്തുമെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല ചോദിച്ചു.