
ലണ്ടൻ: ഇന്ത്യൻ വംശജ സുവെല്ല ബ്രേവർമാനെ വീണ്ടും ആഭ്യന്തര സെക്രട്ടറിയായി നിയമിച്ചതിന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനെതിരെ വിമർശനം. ചൊവ്വാഴ്ച അധികാരമേറ്റതിന് പിന്നാലെയാണ് ഋഷി മന്ത്രിസഭയിൽ മാറ്റം വരുത്തിയത്. ലിസ് ട്രസ് മന്ത്രിസഭയിലുണ്ടായിരുന്ന പലരെയും നീക്കിയ ഋഷി ജെറമി ഹണ്ടിനെ ധനമന്ത്രിയായി നിലനിറുത്തി.
ഔദ്യോഗിക രേഖകൾ സ്വന്തം ഇ-മെയിലിലൂടെ എം.പിമാർക്ക് നൽകിയതിന് ഒക്ടോബർ 19നാണ് ലിസ് ട്രസ് മന്ത്രിസഭയിൽ നിന്ന് സുവെല്ല രാജിവച്ചിരുന്നത്. പിന്നാലെ ഗ്രാന്റ് ഷാപ്പ്സിനെ ലിസ് ഹോം സെക്രട്ടറിയാക്കി. എന്നാൽ ഗ്രാന്റ് ഷാപ്പ്സിനെ ബിസിനസ് സെക്രട്ടറിയായി മാറ്റി നിയമിച്ച ഋഷി സുവെല്ലയെ ഹോം സെക്രട്ടറി സ്ഥാനത്തേക്ക് മടക്കിക്കൊണ്ടുവന്നു. പ്രധാനമന്ത്രിയാകാൻ സുവെല്ല ഋഷിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
പ്രധാനമന്ത്രിയെന്ന നിലയിൽ ഋഷിയുടെ ആദ്യത്തെ പാർലമെന്റ് ചോദ്യോത്തര വേളയായിരുന്നു ഇന്നലെ. സുവെല്ലയുടെ ഭാഗത്ത് നിന്ന് തെറ്റുണ്ടായെന്നും എന്നാൽ വിഷയം തിരിച്ചറിഞ്ഞ അവർ തന്റെ തെറ്റ് അംഗീകരിച്ചതായും ഋഷി പറഞ്ഞു. കുറ്റവാളികളെ അടിച്ചമർത്തുന്നതിലും അതിർത്തി സംരക്ഷിക്കുന്നതിലും അഭ്യന്തര സെക്രട്ടറി ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഋഷി പറഞ്ഞു. വിസാ കാലാവധി കഴിഞ്ഞിട്ടും ബ്രിട്ടണിൽ അനധികൃതമായി തുടരുന്ന കുടിയേറ്റക്കാരിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണെന്ന് ഈ മാസം ആദ്യം സുവെല്ല ആരോപിച്ചത് വിവാദമായിരുന്നു. അനിയന്ത്രിത കുടിയേറ്റത്തിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും സുവെല്ല മുന്നറിയിപ്പ് നൽകിയിരുന്നു.
പെന്നിയും മന്ത്രിസഭയിൽ
കൺസർവേറ്റീവ് നേതൃത്വ തിരഞ്ഞെടുപ്പിൽ എതിരാളിയായിരുന്ന പെന്നി മോർഡന്റിനെ ഹൗസ് ഒഫ് കോമൺസ് ലീഡർ സ്ഥാനത്ത് തന്നെ ഋഷി നിലനിറുത്തി. ഫോറിൻ സെക്രട്ടറി ജെയിംസ് ക്ലെവർലിയും ഡിഫൻസ് സെക്രട്ടറി ബെൻ വാലസും ട്രേഡ് സെക്രട്ടറി കെമി ബാഡെനോഷും അതത് പദവികൾ നിലനിറുത്തി. ഡൊമിനിക് റാബാണ് ഉപപ്രധാനമന്ത്രി.
സൈമൺ ഹാർട്ട് (ചീഫ് വിപ്പ്), നദീം സഹാവി (വകുപ്പ് ഇല്ലാത്ത കാബിനറ്റ് മന്ത്രി പദവി), ഒലിവർ ബോഡൻ (ഡചി ഒഫ് ലാൻകാസ്റ്റർ ചാൻസലർ), ഗിലിയൻ കീഗൻ (എഡ്യൂക്കേഷൻ സെക്രട്ടറി), മെൽ സ്ട്രൈഡ് (വർക്ക് ആൻഡ് പെൻഷൻ സെക്രട്ടറി), തെരേസ് കോഫീ (പരിസ്ഥിതി സെക്രട്ടറി), സ്റ്റീവ് ബാർക്ലേ (ഹെൽത്ത് സെക്രട്ടറി), മൈക്കൽ ഗോവ് (ഹൗസിംഗ് സെക്രട്ടറി), മിഷേൽ ഡൊനെലൻ (മീഡിയ ആൻഡ് സ്പോർട് സെക്രട്ടറി) തുടങ്ങിയവരാണ് ഋഷി സുനക് മന്ത്രിസഭയിലെ മറ്റ് പ്രമുഖർ. പുതിയ മന്ത്രിസഭയുടെ ആദ്യ യോഗം ഇന്നലെ ചേർന്നു.