
മോസ്കോ: യുക്രെയിനിൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ റഷ്യ തന്ത്രപ്രധാനമായ ആണവായുധ സേനയുടെ വാർഷിക സൈനികാഭ്യാസം നടത്തി. ഇന്നലെ കംചറ്റ്‌ക ഉപദ്വീപിലും ആർട്ടിക് മേഖലയിലുമാണ് സൈനികാഭ്യാസം നടന്നത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ മേൽനോട്ടം വഹിച്ചു. കൺട്രോൾ റൂമിലിരുന്ന് സൈനികാഭ്യാസം നിരീക്ഷിക്കുന്ന പുട്ടിന്റെ ദൃശ്യങ്ങൾ റഷ്യ പുറത്തുവിട്ടു. ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളുടെ പരീക്ഷണങ്ങൾ നടന്നു. ശത്രുക്കളിൽ നിന്ന് ഉയർന്നേക്കാവുന്ന ആണവായുധ ഭീഷണികളെ നേരിടാൻ സേനയെ ശക്തമാക്കാനാണ് അഭ്യാസങ്ങളെന്ന് റഷ്യ വ്യക്തമാക്കി. മുൻകൂട്ടി നിശ്ചയിച്ചിരുന്ന സൈനികാഭ്യാസത്തെ പറ്റി റഷ്യ നേരത്തെ അറിയിച്ചിരുന്നു. യാർസ് ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലുകൾ, അന്തർവാഹിനികൾ, ടുപലോവ് ബോംബർ വിമാനങ്ങൾ എന്നിവ അഭ്യാസങ്ങളുടെ ഭാഗമായി.