
ടെഹ്‌റാൻ: ഇറാനിൽ സദാചാര പൊലീസ് കസ്റ്റഡിൽ മരിച്ച മഹ്സ അമിനിയുടെ (22) കല്ലറയ്ക്ക് സമീപം ഒത്തുകൂടിയവർക്ക് നേരെ സുരക്ഷാ സേന വെടിവയ്‌ച്ചു. സംഭവത്തിൽ ആളപായമുണ്ടോ എന്ന് വ്യക്തമല്ല. മഹ്സ മരിച്ച് 40 ദിവസം തികഞ്ഞതിനോടനുബന്ധിച്ചാണ് സ്വദേശമായ കുർദ്ദിസ്ഥാനിലെ സാക്വെസ് നഗരത്തിൽ ആയിരക്കണക്കിന് സർക്കാർ വിരുദ്ധ പ്രക്ഷോഭകർ മഹ്സയ്ക്ക് ആദരമർപ്പിക്കാൻ അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ച് ഒത്തുകൂടിയത്.
ഇതോടെ ഇവരെ പിരിച്ചുവിടാൻ സുരക്ഷാ സേന വെടിവയ്പും കണ്ണീർ വാതകവും പ്രയോഗിച്ചു. സാക്വെസിൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു. ഏകദേശം 10,000 പ്രതിഷേധക്കാർ നഗരത്തിൽ ഒത്തുകൂടിയെന്നാണ് വിവരം.