
കാരേറ്റ്:ആതുര ശുശ്രൂഷ രംഗത്തെ തിരക്കിനിടയിലും ജൈവ കൃഷിയിലൂടെ നെല്ലുല്പാദനത്തിൽ നൂറുമേനി കൊയ്‌തെടുത്ത് ഒരു സംഘം ഡോക്ടർമാർ.അർബുദത്തോട് പട വെട്ടി ജീവിതത്തിലേക്ക് തിരികെയെത്തുന്ന അനേകായിരങ്ങൾക്ക് ആശ്വാസമേകുന്ന ഡോക്ടർ മണ്ണിനെ ചികിത്സിച്ചപ്പോൾ വിരിഞ്ഞത് നൂറു മേനി വിളവ്.ആ വിളവ് കൊയ്യാൻ ആളിനെ തേടിപ്പോൾ കിട്ടാക്കനി.
ഒടുവിൽ ചികിത്സക്കു അവധി നൽകി താൻ വിളയിച്ച പൊന്ന് കൊയ്യാൻ പാടത്തേക്ക് ഇറങ്ങിയ ഡോക്ടറെ സഹായിക്കാൻ സഹപാഠികളായ ഒരു പറ്റം ഡോക്ടർമാരും ഒപ്പം ചേർന്നു. തിരുവനന്തപുരം ജില്ലയിൽ പുളിമാത്ത് പ്ലാവോട് പാടശേഖരത്തിലാണ് ഈ നെൽകൃഷിയും അപൂർവ്വ കൊയ്ത്തുത്സവത്തിനും വേദിയായത്. കർഷകർ പോലും കൃഷി ഉപേക്ഷിച്ചു മറ്റു ജീവിത മാർഗം തേടുമ്പോഴാണ് തിരുവനന്തപുരം ആർ. സി.സിയിലെ അഡീഷണൽ ഡയറക്ടർ ഡോ. സജീദ് തന്റെ കൃഷിയിടത്തിലേക്കിറങ്ങിയത്.
നാൽപ്പത് ഏക്കറോളം വരുന്ന പാടശേഖരത്തിൽ തനിക്കുള്ള ഒന്നര ഏക്കറിലാണ് ഡോക്ടർ നെല്ല് വിതച്ചത്. മെഡിക്കൽ കോളേജയിലെ ഓർത്തോ വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോക്ടർ ബിനോയ്,കാർഡിയോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസർ ബൈജു, തിരുവനന്തപുരം റെയിൽവെ ഡിവിഷനിലെ ഡോ. വി.വി. അജിത് കുമാർ, കോസ്‌മോ ആശുപത്രി സൂപ്രണ്ട് ഡോ.മധു, കടയ്ക്കൽ ഗവ. ഹോസ്പിറ്റലിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ആഷ ജെ.ബാബു എന്നീ ഡോക്ടർമാരും കുടുംബാംഗങ്ങളും കൊയ്ത്തുത്സവത്തിൽ പങ്കാളികളായി.