
കൊച്ചി: കുണ്ടന്നൂരിൽ സ്വകാര്യ ബാറിൽ വെടിവയ്‌പ്പ് നടത്തിയവരെ തിരിച്ചറിഞ്ഞു. കൊല്ലം സ്വദേശിയും ഇയാളുടെ ഒപ്പമുണ്ടായിരുന്ന അഭിഭാഷകനുമാണ് സംഭവത്തിന് പിന്നിൽ. കൊല്ലം സ്വദേശി സോജൻ ഇയാളുടെ അഭിഭാഷകൻ ഹറോൾഡ് എന്നിവരെ പൊലീസ് പിടികൂടി.
വൈകിട്ട് നാല് മണിയോടെയാണ് ഓജീസ് കാന്താരി ബാറിൽ വെടിവയ്‌പ്പുണ്ടായത്. ഒരുമണിയോടെ ഇവിടെ ലോക്കൽ ബാറായ താപ്പാനയിൽ കയറി മദ്യപാനം തുടങ്ങിയ ഇവർ നാലുമണിയോടെ ബില്ലിന് പണം നൽകി പുറത്തിറങ്ങി. ഇതിനിടെ കൈയിലെ കവറിൽ നിന്നും റിവോൾവറെടുത്ത് യാതൊരു പ്രകോപനവും കൂടാതെ വെടിവയ്‌ക്കുകയായിരുന്നു.
നാലുമണിയോടെ വെടിവയ്‌പ്പ് നടന്നെങ്കിലും ഏഴ് മണിയോടെയാണ് പൊലീസിന് ബാറുടമകൾ വിവരം അറിയിച്ചത്. തുടർന്ന് പൊലീസും എക്‌സൈസും സ്ഥലത്തെത്തി. ബാർ ജീവനക്കാരുടെ മുഴുവൻ മൊഴി പൊലീസ് ശേഖരിച്ചു. ബാറിന്റെ ഗേറ്റടച്ചാണ് ഇവരുടെ മൊഴിയെടുത്തത്.
ക്രിമിനൽ കേസിൽ ജയിൽ മോചിതനായ ആളാണ് സോജനെന്നും ഇയാളെ ജാമ്യത്തിലിറക്കിയ ആളാണ് ഹാറോൾഡെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ജാമ്യം ലഭിച്ച സന്തോഷത്തിൽ ബാറിലെത്തി മദ്യപിച്ച് പോകുംവഴിയാണ് വെടിവച്ചത്. സംഭവശേഷം മടങ്ങിയ ഇവരെ ആലപ്പുഴ അതിർത്തിയിൽ വച്ച് പിടികൂടി മരട് സ്‌റ്റേഷനിലെത്തിച്ചു. നാടൻതോക്കോ, എയർഗണോ കൊണ്ടാണ് വെടിവച്ചതെന്നാണ് പൊലീസ് അനുമാനം.