
പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന് വെണ്ടയ്ക്കാ അക്ഷരത്തിൽ കവറിന് പുറത്ത് എഴുതി വച്ചാലും പുകവലി ശീലമാക്കിയവർ അതിൽ നിന്ന് കരകയറാൻ ബുദ്ധിമുട്ടും. പുരുഷൻമാരും സ്ത്രീകളും പുകവലി ശീലം നിറുത്താൻ ശ്രമിക്കുമെങ്കിലും സ്ത്രീകളാണ് ഇതിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത് എന്നാണ് പുതിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. സ്വീഡനിലെ ഊപ്‌സാല സർവകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
പുകവലി സ്ത്രീകളുടെ തലച്ചോറിലെ ഈസ്ട്രജൻ ഹോർമോണിന്റെ ഉത്പാദന സംവിധാനത്തെ കാര്യമായി തടസപ്പെടുത്തുന്നുണ്ട്. ഒരു സിഗരറ്റ് വലിക്കുമ്പോൾ പോലും ഈ മാറ്റം പ്രകടമാണ്. . പെരുമാറ്റത്തെയും വികാരങ്ങളെയും നിയന്ത്രിക്കുന്ന ലിംബിക് സിസ്റ്റത്തിന്റെ ഭാഗമായ തലച്ചോറിലെ താലമസ് ഭാഗത്താണ് നിക്കോട്ടിന്റെ പ്രവർത്തനം പ്രധാനമായും ഉണ്ടായത്. നികോട്ടിനോട് സ്ത്രീശരീരവും പുരുഷ ശരീരവും വ്യത്യസ്തമായ രീതിയിലാണ് പ്രതികരിക്കുന്നത് എന്ന് മുൻപു തന്നെ പഠനങ്ങളിൽ കണ്ടെത്തിയിരുന്നു.
നികോട്ടിന്റെ ഉപയോഗം നിയന്ത്രിക്കാനുള്ള മാർഗങ്ങൾ സ്ത്രീകളിൽ അത്രവേഗം ഫലവത്താവില്ല എന്നാണ് കണ്ടെത്തിയിട്ടുള്ളത്. പുകവലി ശീലത്തിലേക്ക് തിരികെ വരാനുള്ള പ്രവണതയും സ്ത്രീകളിലാണ് കൂടുതൽ. ഈസ്ട്രജന്റെ ഉത്പാദനത്തിൽ വിപരീത ഫലം ഉണ്ടാക്കുന്നതിനാൽ പ്രത്യുൽപാദന സംവിധാനത്തെയും പുകവലി ശീലം പ്രതികൂലമായി ബാധിക്കും, എന്നാൽ ഇത് കൃത്യമായി കണ്ടെത്തുന്നതിന് കൂടുതൽ പഠനങ്ങൾ ആവശ്യമാണ്. ഇതിനുപുറമേ പുകവലി മൂലം ശ്വാസകോശ അർബുദം, ഹൃദയാഘാതം എന്നിവയും ഉണ്ടാവാനുള്ള സാധ്യതയും സ്ത്രീകളിൽ കൂടുതലാണന്നാണ് നിഗമനം. നിക്കോട്ടിൻ ഹോർമോൺ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നതും ഈ പ്രത്യാഘാതങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധമണ്ടോ എന്നതാണ് ഇനി കണ്ടെത്തേണ്ടത് എന്നും ഗവേഷകർ പറയുന്നു