
കൊച്ചി: കുണ്ടന്നൂരിൽ സ്വകാര്യ ബാറിലെ വെടിവയ്‌പിൽ പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ആയുധനിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. കൊല്ലം സ്വദേശി സോജൻ, ഇയാളുടെ അഭിഭാഷകൻ ഹറോൾഡ് എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളെ ഇന്ന് ബാറിലെത്തിച്ച് തെളിവെടുക്കും. ഫോറൻസിക് വിദഗ്ദ്ധരും ബാറിൽ പരിശോധന നടത്തും. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സ്വകാര്യ ബാറിൽ വെടിവയ്‌പുണ്ടായത്. ഉച്ചയ്‌ക്ക് ഒരുമണിയോടെ ബാറിലെത്തിയ സോജനും ഹറോൾഡും, നാലുമണിയോടെ ബില്ലിന് പണം നൽകി പുറത്തിറങ്ങി. ഇതിനിടെ സോജൻ കൈയിലുണ്ടായിരുന്ന കവറിൽ നിന്നും റിവോൾവറെടുത്ത് യാതൊരു പ്രകോപനവും കൂടാതെ വെടിവയ്‌ക്കുകയായിരുന്നു.
വൈകിട്ട് ഏഴ് മണിയോടെയാണ് ബാറുടമ പൊലീസിൽ വിവരമറിയിച്ചത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് സോജൻ. ഹാറോൾഡാണ് ഇയാളെ ജാമ്യത്തിലിറക്കിയത്. ജാമ്യം ലഭിച്ച സന്തോഷത്തിൽ ബാറിലെത്തി മദ്യപിച്ച് പോകുംവഴിയാണ് വെടിവച്ചത്. അഭിഭാഷകന്റേതാണ് തോക്ക്. ഇതിന് 2025വരെ ലൈസൻസുണ്ട്.