
കൊല്ലം: കൊട്ടാരക്കരയിൽ അഭിഭാഷകന് വെടിയേറ്റു. പുലമൺ സ്വദേശി മുകേഷിനാണ് പരിക്കേറ്റത്. അയൽവാസിയുമായുള്ള തർക്കത്തിനിടെയാണ് എയർഗണ്ണിൽ നിന്ന് വെടിയേറ്റത്. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം.
മുകേഷിന്റെ തോളിനാണ് വെടിയേറ്റത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിയുണ്ട പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ ഉടൻ നടക്കും. കേസിൽ അയൽവാസി പ്രൈം അലക്സിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
സംഭവം നടക്കുമ്പോൾ പ്രതിക്കൊപ്പം മറ്റൊരാൾ കൂടിയുണ്ടായിരുന്നു. ഇയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മുകേഷും അലക്‌സും അയൽവാസികളാണ്. ഇരുവരും തമ്മിൽ നേരത്തെയും പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ട്. അലക്‌സ് നേരത്തെ വീട്ടിൽ അതിക്രമിച്ച് കയറി മുകേഷിന്റെ മാതാപിതാക്കളെ മർദിച്ചിരുന്നു.