
വക്കം: പാടത്തു കുപ്പിച്ചില്ലുകൾ കാരണം കൃഷിചെയ്യാൻ പറ്റാത്ത അവസ്ഥയിൽ കർഷകർ. ഏലാപ്പുറം - പള്ളിമുക്ക് ഏലായിൽ കാരാക്കുന്ന് റോഡിന്റെ ഇരുവശത്തുമുള്ള ഏലയിലാണ് നിത്യവും വൈകിട്ട് മുതൽ സാമൂഹിക വിരുദ്ധരുടെ ഒത്ത് ചേരലെന്നാണ് പരാതി. വാഹനങ്ങളിൽ സംഘങ്ങളായി എത്തി മദ്യപിച്ചതിനു ശേഷം ചേരിതിരിഞ്ഞ് സംഘർഷത്തിലേർപ്പെടുന്നത് ഇവിടത്തെ പതിവു കാഴ്ച്ചയാണന്ന് നാട്ടുകാർ പറയുന്നു.
ഈ റോഡിനു ഇരു വശത്തും വഴിവിളക്കുകളൊന്നും സ്ഥാപിച്ചിട്ടില്ലാത്തതും ഈ കൂട്ടർക്ക് അനുഗ്രഹമായി. കൊണ്ടുവരുന്ന മദ്യകുപ്പികൾ അവരുടെ ആവശ്യം കഴിഞ്ഞ് സമീപത്തെ വയലിൽ എറിഞ്ഞു പൊട്ടിക്കും. രാവിലെ പാടത്തു കൃഷി ചെയ്യാൻ വരുന്ന കർഷകർക്ക് കാലിനു പരുക്കു പറ്റുന്നത് സ്ഥിരമായപ്പോൾ കടയ്ക്കാവൂർ പൊലീസിൽ പരാതിപ്പെട്ടു. പാട്ടത്തിനു ഭൂമിയെടുത്തു കൃഷി ചെയ്യുന്നവർ ഇപ്പോൾ വലിയ ദുരിതത്തിലാണ്. രാവിലെ പാടത്തു വന്നു സൂക്ഷ്മമായി കുപ്പി ചില്ലുകൾ നീക്കം ചെയ്യേണ്ട അവസ്ഥയിലാണ്. ഇങ്ങനെ പോയാൽ കൃഷി ഉപേക്ഷിക്കേണ്ടിവരുമെന്നാണ് കർഷകർ പറയുന്നത്.