shampoo

മുടി ഭംഗിയായിരിക്കാനും ശിരോചർമ്മത്തിലെ അഴുക്ക് നീക്കം ചെയ്യാനുമായാണ് നമ്മൾ ഷാംപൂ ഉപയോഗിക്കുന്നത്. ഇപ്പോൾ പല തരത്തിലുള്ള ഷാംപൂ വിപണിയിൽ ലഭ്യമാണ്. മുടിയുടെ സ്വഭാവത്തിന് അനുസരിച്ച് നിങ്ങൾക്ക് ചേരുന്നത് തിരഞ്ഞെടുക്കാവുന്നതാണ്. എന്നാൽ പെട്ടെന്ന് നിങ്ങളുടെ മുടി ഭംഗിയാക്കണം, കുളിച്ച് മുടി ഉണങ്ങുന്നത് വരെ കാത്തിരിക്കാനുള്ള സമയവും ഇല്ലെങ്കിൽ അതിനുള്ള പരിഹാരമായി ഡ്രൈ ഷാംപൂവും വിപണിയിൽ ലഭ്യമാണ്. സാധാരണ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കേണ്ട ഒന്നാണ് ഡ്രൈ ഷാംപൂ. കാരണം, ഇത് നിങ്ങളുടെ മുടിയെയോ ശിരോചർമ്മത്തെയോ വൃത്തിയാക്കുന്നില്ല. പകരം മുടിയിലെ എണ്ണമയം നീക്കം ചെയ്ത് പെട്ടെന്ന് മുടിക്ക് ഉള്ളുള്ളതായി തോന്നിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ഇവ സ്ഥിരമായി ഉപയോഗിച്ചാൽ മുടി വേഗം പൊട്ടിപ്പോകാനുള്ള സാദ്ധ്യത കൂടുതലാണ്.

പലരും വർഷങ്ങളായി ഉപയോഗിച്ച് വരുന്ന ഒരു ബ്രാൻഡാണ് ഡവ്. എന്നാലിപ്പോഴിതാ നിങ്ങളുടെ ജനപ്രിയ ബ്രാൻഡായ ഡവ് ഉൾപ്പെടെയുള്ള ബ്രാൻഡുകളുടെ ഡ്രൈ ഷാംപൂ വിഭാഗത്തിൽപ്പെട്ട ഉൽപ്പന്നങ്ങളെ തിരിച്ചുവിളിച്ചിരിക്കുകയാണ് ബഹുരാഷ്ട്ര കമ്പനിയായ ഹിന്ദുസ്ഥാൻ യൂണിലിവർ. കാൻസറിന് കാരണമായേക്കാവുന്ന ബെൻസീൻ എന്ന രാസവസ്തു അടങ്ങിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി 2021 ഒക്ടോബറിന് മുമ്പ് നിർമിച്ച ഷാംപൂകൾ നേരത്തേ കമ്പനി തിരികെ വിളിച്ചിരുന്നു. എന്നാൽ ഇവ ഇപ്പോഴും ഇന്ത്യയിൽ സുലഭമായി ലഭിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കമ്പനി ഇവയെ തിരികെ വിളിച്ചത്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വെബ്സൈറ്റിലാണ് കഴിഞ്ഞ ദിവസം ഇതേക്കുറിച്ചുള്ള വിവരങ്ങൾ പ്രത്യക്ഷപ്പെട്ടത്.

ആമസോൺ ഉൾപ്പെടെയുള്ള നിരവധി ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലാണ് പിൻവലിച്ച ഷാംപൂ ലഭ്യമാകുന്നത്. എന്നാൽ ഈ ഉൽപ്പന്നങ്ങൾ നിരോധിച്ചതിനാൽ ഇവ നിർമിക്കുകയോ വിൽക്കുകയോ ചെയ്യുന്നില്ലെന്നാണ് ഹിന്ദുസ്ഥാൻ യുണിലിവറിന്റെ അധികൃതർ അറിയിച്ചത്. 625 രൂപയ്ക്കാണ് ആമസോണിൽ ഈ ഷാംപൂ ലഭിക്കുന്നത്. ബംഗളൂരു ആസ്ഥാനമായുള്ള കമ്പനിയായ യുണൈറ്റഡ് ഡിസ്ട്രിബ്യൂട്ടേഴ്സാണ് ഇന്ത്യയിൽ ഇവ വിതരണത്തിനെത്തിക്കുന്നത്. ആമസോൺ ഇന്ത്യയെയും ഹിന്ദുസ്ഥാൻ യുണിലിവർ ബന്ധപ്പെട്ടിട്ടുണ്ട്.