
ന്യൂഡൽഹി: ട്വിറ്റർ ഏറ്റെടുക്കൽ കരാർ നടപടികൾ വേഗത്തിലാക്കി ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്. സോഷ്യൽ മീഡിയയിലെ തന്റെ ബയോയിലും അദ്ദേഹം മാറ്റം വരുത്തി. 'ചീഫ് ട്വിറ്റ്' എന്നാണ് ബയോയിൽ കുറിച്ചിരിക്കുന്നത്.

ട്വിറ്ററിന്റെ സാൻഫ്രാൻസിസ്‌കോ ആസ്ഥാനവും ഇലോൺ മസ്‌ക് സന്ദർശിച്ചു.ഒരു സിങ്ക് ചുമന്നുകൊണ്ട് ഓഫീസിന്റെ ഹാളിലൂടെ നടക്കുന്നതിന്റെ വീഡിയോ അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. പുതിയ ഉത്തരവാദിത്വവുമായി പൊരുത്തപ്പെടുന്നതിനുവേണ്ടിയാണ് സിങ്കുമായി എത്തിയതെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. സാൻഫ്രാൻസിസ്‌കോ ഓഫീസ് സന്ദർശിക്കാൻ മസ്‌ക് ഉദ്ദേശിക്കുന്നു എന്ന് അറിയിച്ചുകൊണ്ട് ട്വിറ്ററിന്റെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ ലെസ്ലി ബെർലാൻഡ് നേരത്തെ ജീവനക്കാർക്ക് മെയിൽ അയച്ചിരുന്നു.
Entering Twitter HQ – let that sink in! pic.twitter.com/D68z4K2wq7
— Elon Musk (@elonmusk) October 26, 2022
44 ബില്യൺ ഡോളറിന് ട്വിറ്റർ ഏറ്റെടുക്കുമെന്ന് കഴിഞ്ഞ ഏപ്രിലിലാണ് ഇലോൺ മസ്‌ക് പ്രഖ്യാപിച്ചത്. ഇതിനുപിന്നാലെ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. ട്വിറ്റർ വാങ്ങാനുള്ള കരാറിൽ നിന്ന് പിൻമാറുന്നതായി കഴിഞ്ഞ ജൂലായിൽ മസ്‌ക് അറിയിച്ചിരുന്നു. വ്യാജ അക്കൗണ്ടുകളുടെ കണക്ക് നൽകാൻ ട്വിറ്ററിന് സാധിക്കാത്തതുമൂലമാണ് പിന്മാറ്റമെന്നായിരുന്നു അദ്ദേഹം നൽകിയ വിശദീകരണം.
കരാർ പാതിവഴിയിൽ മുടങ്ങിയതിനെതിരെ ട്വിറ്റർ കോടതിയെ സമീപിച്ചിരുന്നു. മാസങ്ങൾക്ക് മുമ്പ് പറഞ്ഞ അതേ വിലയ്ക്ക് ട്വിറ്റർ വാങ്ങാൻ സന്നദ്ധത അറിയിച്ച് കമ്പനിക്ക് ഈ മാസം ആദ്യം മസ്‌ക് കത്തയക്കുകയായിരുന്നു.