
ചെന്നൈ: താരദമ്പതികളായ നയൻതാരയും വിഘ്നേഷ് ശിവനും വാടകഗർഭധാരണത്തിനായി ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് തമിഴ്‌നാട് സർക്കാർ നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട്. വാടകഗർഭധാരണം സംബന്ധിച്ച് ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ തമിഴ്‌നാട് സർക്കാരിന്റെ ആരോഗ്യവകുപ്പ് സ്വമേധയാ അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെ പുറത്തുവന്ന റിപ്പോർട്ടിലാണ് ആശുപത്രിയ്ക്ക് വീഴ്ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടുന്നത്.
താരദമ്പതികളെ ചികിത്സിച്ച ആശുപത്രി വാടകഗർഭധാരണം സംബന്ധിച്ച രേഖകളൊന്നും സൂക്ഷിക്കാത്തത് ഗുരുതരമായ വീഴ്‌ചയാണെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. അതിനാൽ തന്നെ ആശുപത്രിയുടെ ലൈസൻസ് എന്തുകൊണ്ട് റദ്ദാക്കിക്കൂടെന്നും സമിതിയുടെ റിപ്പോർട്ടിൽ ആരായുന്നു. ഗർഭധാരണം നടത്തിയ യുവതി നയൻതാരയുടെ ബന്ധുവല്ലെന്നും റിപ്പോർട്ടുകളുണ്ട്. വിവാഹിതയായ ഇവർക്ക് ഒരു കുട്ടിയുണ്ട്. എന്നാൽ ഗർഭധാരണം നടത്തിയ യുവതിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങളും ആശുപത്രിയിൽ ഇല്ല.
അതേസമയം, നയൻതാരയും വിഘ്‌നേഷും വാടകഗർഭധാരണം സംബന്ധിച്ച നിയമങ്ങളൊന്നും ലംഘിച്ചിട്ടില്ലെന്ന് സമിതിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നയൻതാരയും വിഘ്നേഷ് ശിവനും 2016 മാർച്ച് 11ന് നിയമപരമായി വിവാഹിതരായെന്നും വാടക ഗർഭധാരണത്തിന് വേണ്ട എല്ലാ നടപടിക്രമങ്ങളും മാർഗ നിർദേശങ്ങളും പാലിച്ചെന്നും റിപ്പോർട്ടിലുണ്ട്. വാടക ഗർഭധാരണത്തിന് ദമ്പതികൾ കാത്തിരിക്കേണ്ട കാലയളവ് പാലിച്ചിട്ടുണ്ട്. എല്ലാ രേഖകളും ദമ്പതികൾ സമർപ്പിച്ചിട്ടുണ്ടെന്നും അന്വേഷണസമിതി വ്യക്തമാക്കുന്നു.
ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ വിവരം ഒക്ടോബർ 9ന് വിഘ്‌നേഷ് ശിവനാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. പിന്നാലെ വാടകഗർഭധാരണത്തെച്ചൊല്ലി വിവാദങ്ങളും ഉടലെടുക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് അഞ്ച് വർഷം കഴിയാതെ വാടക ഗർഭധാരണത്തിന് നിലവിൽ രാജ്യത്ത് നിയമം അനുവദിക്കുന്നില്ല. കുഞ്ഞുങ്ങൾ ജനിച്ച വിവരം പുറത്തു വന്നതിനു പിന്നാലെ ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്.
എന്നാൽ ആറുവർഷം മുമ്പ് വിവാഹം രജിസ്റ്റർ ചെയ്തിരുന്നുവെന്നും കഴിഞ്ഞ ഡിസംബറിലാണ് വാടകഗർഭധാരണത്തിന് നടപടികൾ തുടങ്ങിയതെന്നും താരദമ്പതികൾ തമിഴ്നാട് ആരോഗ്യവകുപ്പിന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ അറിയിച്ചു. വിവാഹം രജിസ്റ്റർ ചെയ്തതിന്റെ രേഖകളും ഇതോടൊപ്പം ഇരുവരും സമർപ്പിച്ചിരുന്നു.