shafi

കൊച്ചി: ഇലന്തൂരിൽ രണ്ട് സ്ത്രീകളെ ബലിയർപ്പിക്കാൻ ഉപയോഗിച്ചത് ഒരേ വെട്ടുകത്തിയെന്ന് പ്രതികളുടെ കുറ്റസമ്മതമൊഴി. ഒന്നാം പ്രതി പെരുമ്പാവൂർ വെങ്ങോല വേഴപ്പിള്ളി വീട്ടിൽ മുഹമ്മദ് ഷാഫിയുടെ (52) നിർദ്ദേശപ്രകാരം രണ്ടാം പ്രതി പത്തനംതിട്ട ഇലന്തൂർ കാരംവേലി കടംപള്ളി വീട്ടിൽ വൈദ്യൻ ഭഗവൽ സിംഗാണ് (68) മൂർച്ചയേറിയ വെട്ടുകത്തി വാങ്ങിയത്. ഷാഫിയാണ് രണ്ട് പേരെയും കൊന്നത്.

കത്തി വാങ്ങിയ ഭഗവൽസിംഗും ഭാര്യ ലൈലയും ആഭിചാര ക്രിയകൾക്കായി ഒരുക്കങ്ങൾ നടത്തി കാത്തിരുന്നു. കാട്ടാനകളുടെ ജഡം വെട്ടിമുറിച്ച് എല്ലും മറ്റും വേർതിരിച്ചെടുക്കുന്നതിൽ വിദഗ്ദ്ധനായ ഷാഫി, അനായാസം മൃതദേഹങ്ങൾ വെട്ടിമുറിച്ചെടുത്തു. ഭഗവൽ സിംഗിന്റെ വീട്ടിലെ കത്തിയും മറ്റുമാണ് മാംസം വേർതിരിക്കാൻ ഉപയോഗിച്ചത്. സേലം ധർമ്മപുരി സ്വദേശിനി പദ്മം (52), കാലടി മറ്രൂരിൽ വാടകയ്ക്ക് താമസിക്കുന്ന തൃശൂർ വടക്കാഞ്ചേരി വാഴാനി സ്വദേശി റോസ്‌ലി (49) എന്നിവരാണ് അരുംകൊലയ്ക്ക് ഇരയായത്.

റോസ്‌ലിയുടെ കൊലപാതകം അന്വേഷിക്കുന്ന കാലടി പൊലീസ് ആയുധം കണ്ടെത്താനുണ്ടെന്നാണ് ഇന്നലെ കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പയുന്നത്. സർജിക്കൽ ഉപകരണങ്ങളൊന്നും ഉപയോഗിച്ചിട്ടില്ല.

തിരുവല്ലയിലെ ഒരു കുടുംബത്തിനായുള്ള പൂജയ്ക്ക് സഹായിയെ വേണമെന്ന് വിശ്വസിപ്പിച്ചാണ് റോസ്‌ലിയെ ഷാഫി ഇലന്തൂരിലെത്തിച്ചത്. ഇവരെയാണ് ആദ്യം ബലിനൽകിയത്. ഈ ആഭിചാരക്രിയ ഫലംകണ്ടില്ലെന്ന് വിശ്വസിപ്പിച്ചാണ് പദ്മയെയും കൊന്നത്. റോസ്‌ലി ഒറ്റയ്ക്ക് ചങ്ങനാശേരിയിൽ എത്തിയെന്നും അവിടെ നിന്ന് ഷാഫിയുടെ വാഹനത്തിൽ കയറി ഇലന്തൂരിലേക്ക് പോയെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സംഭവം നടന്ന് ഒരുമാസം പിന്നിടുമ്പോഴും മൃതദേഹം വിട്ടുകിട്ടിയില്ലെന്ന പരാതിയുമായി പദ്മയുടെയും റോസ്‌ലിയുടെയും ബന്ധുക്കൾ രംഗത്തുവന്നിട്ടുണ്ട്.

പ്രതികൾ വീണ്ടും കസ്റ്റഡിയിൽ

റോസ്‌ലിയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികളെയും പെരുമ്പാവൂർ ജു‌ഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നലെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റ‌ഡിയിൽ വിട്ടു. ഇവരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്.