arif-muhammed-khan

തിരുവനന്തപുരം: ധനമന്ത്രി ബാലഗോപാലിനോടുള്ള പ്രീതി പിൻവലിക്കുന്ന കത്ത് നൽകുന്നതിന് ഏറെ മുന്നൊരുക്കങ്ങളാണ് ഗവർണർ നടത്തിയത്. ഗവർണറെ ആക്ഷേപിച്ചാൽ മന്ത്രിമാരോടുള്ള പ്രീതി പിൻവലിക്കുമെന്ന് മുന്നറിയിപ്പ് നൽകിയത് കഴിഞ്ഞ 17നാണ്. പിറ്റേന്നാണ് കാര്യവട്ടം കാമ്പസിലെ പരിപാടിയിൽ ബാലഗോപാൽ യു.പിയിലെ കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രസംഗിച്ചത്. മലയാളം, ഇംഗ്ലീഷ് പത്രങ്ങളിൽ ഈ പ്രസംഗത്തിന്റെ റിപ്പോർട്ടുകൾ അന്നുതന്നെ ശേഖരിക്കാൻ രാജ്ഭവൻ ഉദ്യോഗസ്ഥർക്ക് ഗവർണർ നിർദ്ദേശം നൽകി. മലയാളം റിപ്പോർട്ടുകളുടെ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കാൻ ആവശ്യപ്പെട്ടു. മന്ത്രിമാരായ ആർ.ബിന്ദു, പി.രാജീവ് എന്നിവർ നടത്തിയ പ്രസംഗങ്ങളുടെ റിപ്പോർട്ടുകളും വീഡിയോയും ശേഖരിച്ചു.

അപ്പോഴൊന്നും കത്ത് നൽകുകയാണെന്ന് ഗവർണർ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിരുന്നില്ല. സ്വന്തം ഐ-പാഡിലാണ് കുറിപ്പുകൾ തയ്യാറാക്കിയത്. ഉത്തർപ്രദേശിലെ സർവകലാശാലകളിലെ ഭരണനിർവഹണം അടക്കമുള്ള കാര്യങ്ങളും രാജ്യത്തെ എല്ലാ സർവകലാശാലകൾക്കും ബാധകമായ യു.ജി.സി റഗുലേഷനുകളും ശേഖരിച്ചു. യു.പി സർവകലാശാലകളിൽ വി.സിമാരായിരുന്ന ദക്ഷിണേന്ത്യക്കാരുമായി ആശയവിനിമയം നടത്തി.

ബാലഗോപാലിന്റെ പ്രസംഗത്തിന്റെ ഇംഗ്ലീഷ് പരിഭാഷ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകർക്ക് അയച്ചുകൊടുത്ത് നിയമോപദേശം തേടി. 2015ൽ യു.പി മന്ത്രിയായിരുന്ന അസംഖാനോടുള്ള പ്രീതി ഗവർണർ പിൻവലിച്ചതും കേസിലെ വിധിയും ശേഖരിച്ചു. തുടർന്നാണ് കത്ത് തയ്യാറാക്കിയത്. കത്തിന്റെ ഉള്ളടക്കം അറിയാമായിരുന്നത് ഗവർണറുടെ അഡി.പി.എ ഹരി.എസ് കർത്ത ഉൾപ്പെടെ ചുരുക്കം പേർക്കു മാത്രം.

ചൊവ്വാഴ്ച വൈകിട്ട് ആറരയ്ക്ക് ഡൽഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഗവർണർ ഉച്ചയോടെ രാജ്ഭവനിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഇക്കാര്യം അറിയിച്ചു. വിവരം രഹസ്യമായി സൂക്ഷിക്കാനും നിർദ്ദേശിച്ചു. ഉദ്യോഗസ്ഥരുടെ ചില നിർദ്ദേശങ്ങൾ കൂടി സ്വീകരിച്ച് അന്തിമ കത്ത് തയ്യാറാക്കി. ശ്രീനാരായണ ഗുരുദേവൻ, ശങ്കരാചാര്യർ, ഇ.എം.എസ് എന്നിവരെക്കുറിച്ചുള്ള വാചകങ്ങൾ ഗവർണറുടെ നിർദ്ദേശപ്രകാരം കത്തിൽ ഉൾപ്പെടുത്തുകയായിരുന്നു. കത്തിൽ ഒപ്പിട്ട ശേഷം ഗവർണർ ഡൽഹിക്ക് പോയി. ചൊവ്വാഴ്ച വൈകിട്ട് പ്രത്യേക ദൂതൻ വഴിയാണ് മുഖ്യമന്ത്രിക്ക് കത്ത് എത്തിച്ചത്.