
ലക്നൗ: ഭാര്യ ആത്മഹത്യ ചെയ്യുന്നത് ഫോണിൽ പകർത്തി ഭാര്യാവീട്ടുകാർക്ക് കാണിച്ച് യുവാവ്. ഉത്തർപ്രദേശിലെ കാൺപൂരിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഭാര്യയുടെ ആത്മഹത്യാശ്രമം തടയാൻ ശ്രമിക്കാത്ത ഇയാൾ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയതിന് ശേഷം യുവതി മരിച്ചതിന് പിന്നാലെ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
ശോഭിത ഗുപ്ത എന്ന സ്ത്രീയാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ യുവതിയുടെ മാതാപിതാക്കളുടെ പരാതിയിൽ ഭർത്താവ് സഞ്ജയ് ഗുപ്തയെ പൊലീസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു. അഞ്ചുവർഷം മുൻപായിരുന്നു ഇരുവരും വിവാഹിതരായത്.
ഇരുവരും തമ്മിൽ വഴക്ക് കൂടിയതിന് പിന്നാലെ ശോഭിത കട്ടിലിന് മുകളിൽ കയറിനിന്ന് ഷോൾ കഴുത്തിലും ഫാനിലുമായി മുറുക്കി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് സഞ്ജയ് പകർത്തിയ ദൃശ്യങ്ങളിൽ കാണാം. യുവതി ആത്മഹത്യയുടെ വക്കിലെത്തി നിൽക്കുമ്പോഴും ഭർത്താവ് തടയാൻ ശ്രമിക്കുന്നില്ല. 'ഇതാണോ നിന്റെ മനസിലിരുപ്പ്? നിനക്ക് വളരെ മോശം ചിന്താഗതിയാണ്'- എന്ന് സഞ്ജയ് പറയുന്നത് വീഡിയോയിൽ കേൾക്കാം. പിന്നാലെ ശോഭിത കഴുത്തിലെ കുരുക്ക് മാറ്റുകയും ഭർത്താവിലെ തുറിച്ചുനോക്കുകയും ചെയ്യുന്നതാണ് വീഡിയോയിൽ ഉള്ളത്.
സംഭവദിവസം ഉച്ചയ്ക്ക് ശേഷം സഞ്ജയ് വിളിച്ചുവെന്നും മകൾ ആത്മഹത്യ ചെയ്തുവെന്ന് അറിയിച്ചതായും ശോഭിതയുടെ പിതാവ് രാജ് കിഷോർ ഗുപ്ത പറഞ്ഞു.തുടർന്ന് സഞ്ജയുടെ വീട്ടിലെത്തിയപ്പോൾ ശോഭിത കട്ടിലിൽ കിടക്കുന്നതും ഭർത്താവ് സിപിആർ നൽകുന്നതുമാണ് കണ്ടതെന്നും മാതാപിതാക്കൾ വെളിപ്പെടുത്തുന്നു. ശോഭിത ആദ്യം ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോൾ താൻ രക്ഷിച്ചുവെന്ന് പറഞ്ഞ് യുവതി ആത്മഹത്യാശ്രമം നടത്തുന്ന ദൃശ്യങ്ങൾ സഞ്ജയ് കാണിച്ചുവെന്നും മാതാപിതാക്കൾ പറയുന്നു. ദൃശ്യങ്ങൾ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് പകർത്തിയിരിക്കുന്നതെന്നും അതിന് പിന്നാലെയാണ് മകൾ മരിച്ചതെന്നും കുടുംബം ആരോപിക്കുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം സഞ്ജയ് സിപിആർ നൽകുകയും ദൃശ്യങ്ങൾ പകർത്തുകയുമാണ് ചെയ്തതെന്നും കുടുബം പറയുന്നു.
സഞ്ജയുടെ വീട്ടിലെത്തിയതിന് പിന്നാലെ മാതാപിതാക്കൾ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ യുവതി മരണപ്പെട്ടതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. യുവതിയുടെ മരണത്തിൽ ഭർത്താവിനുള്ള പങ്ക് അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു.