adani

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം ആരംഭിച്ച് നൂറ് ദിവസം തികയുമ്പോൾ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിനെതിരെ പ്രാദേശിക വികാരം ശക്തമായി. നിർമ്മാണഘട്ടത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത പ്രതിസന്ധിയാണ് വിഴിഞ്ഞം തുറമുഖം നേരിടുന്നത്.

സമരത്തിനെതിരെ പ്രദേശവാസികളുടെ നേതൃത്വത്തിൽ രൂപീകരിച്ച ജനകീയ കൂട്ടായ്‌മയ്‌ക്ക് പിന്തുണയുമായി ബി.ജെ.പിയും രംഗത്തെത്തിയതോടെ പ്രതിഷേധങ്ങളുടെ മുഖം മാറുകയാണ്. അടുത്തയാഴ്‌ച മുതൽ ഇരുകൂട്ടരും ഒറ്റക്കെട്ടായി സമരം നടത്തുമെന്നാണ് വിവരം. ജനകീയ കൂട്ടായ്‌മയ്‌ക്ക് പിന്തുണ നൽകി പ്രവർത്തിക്കുന്ന കോൺഗ്രസ് കൗൺസിലറെ തിരുത്താൻ ഡി.സി.സി നേതൃത്വത്തിന് പോലും സാധിച്ചിട്ടില്ല. തുറമുഖ കവാടത്തിലെ സമരപ്പന്തൽ പൊളിച്ചുനീക്കണമെന്ന ഹൈക്കോടതി വിധിയും ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവും കടലാസിലൊതുങ്ങി. ജില്ലാ കളക്‌ടർ നൽകിയ രണ്ട് ഉത്തരവുകളുടെയും സമയം കഴിഞ്ഞ സാഹചര്യത്തിൽ സർക്കാർ പന്തൽ പൊളിച്ചില്ലെങ്കിൽ തങ്ങൾ മുൻകൈയെടുക്കുമെന്ന തീവ്ര നിലപാടിലാണ് ജനകീയ കൂട്ടായ്‌മ.

സമരംമൂലം ഇതുവരെ 150 കോടിയോളം രൂപ നഷ്‌ടമുണ്ടായെന്നാണ് അദാനി വിഴിഞ്ഞം സീ പോർട്ട് ലിമിറ്റഡിന്റെ അനൗദ്യോഗിക കണക്ക്. തുറമുഖ നിർമ്മാണത്തിന് ഏറ്റവും അനുകൂലമായി കടൽ ശാന്തമായിരിക്കെ നിർമ്മാണം നടക്കുന്നില്ലെന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്. അതേസമയം കരയിലും കടലിലും സമരം നടത്തി നൂറാം ദിനത്തിൽ സമരം കടുപ്പിക്കാനാണ് ലത്തീൻ അതിരൂപതയുടെ തീരുമാനം. ഇന്ന് മുതലപ്പൊഴിയിൽ നിന്ന് കടൽ വഴി തുറമുഖത്തിന് അടുത്തെത്തി ശക്തമായ മുന്നറിയിപ്പ് നൽകും. മുല്ലൂരിലും വിഴിഞ്ഞത്തും മുതലപ്പൊഴിയിലും ബഹുജന കൺവെൻഷനും സംഘടിപ്പിക്കും. പുനരധിവാസം, തീരശോഷണപഠനം തുടങ്ങിയ പ്രധാനപ്പെട്ട കാര്യങ്ങളിൽ തീരുമാനമായെന്ന് സർക്കാർ പറയുമ്പോൾ ഒരൊറ്റ ആവശ്യത്തിൽ പോലും സർക്കാർ നീതി കാണിക്കുന്നില്ലെന്നാണ് സമരക്കാരുടെ പക്ഷം.

പലവട്ടം ചർച്ച

ജൂലായ് 20ന് സെക്രട്ടേറിയറ്റിൽ തുടങ്ങിയ സമരം ആഗസ്റ്റ് 16നാണ് മുല്ലൂരിലെ തുറമുഖ കവാടത്തിലേക്ക് മാറിയത്. ഇതിനിടെ ഫിഷറീസ് മന്ത്രിയും തുറമുഖ മന്ത്രിയും അടങ്ങുന്ന മന്ത്രിസഭാ ഉപസമിതി പലതവണ സമരക്കാരുമായി ചർച്ച നടത്തി. മുഖ്യമന്ത്രി ലത്തീൻ അതിരൂപത നേതൃത്വവുമായി ക്ലിഫ് ഹൗസിലും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എ.കെ.ജി സെന്ററിലും ചർച്ച നടത്തിയിരുന്നു.

ഗവർണറുമായുള്ള പോരിലേക്ക് ശ്രദ്ധ മാറിയതോടെ സർക്കാരിന്റെ ഭാഗത്തു നിന്നുള്ള അനുരഞ്ജന ചർച്ചകളും വഴിമുട്ടി. തുറമുഖ നിർമ്മാണം നിറുത്തിവച്ചുള്ള പഠനമെന്ന ആവശ്യത്തിലുടക്കി ഇരുവിഭാഗവും രണ്ടുതട്ടിൽ ഉറച്ചുനിന്നതും ചർച്ചകൾ പാളാൻ കാരണമായി.