
ന്യൂഡൽഹി: ഇന്ത്യയ്‌ക്കെതിരെ സൈബർ ആർമി രൂപീകരിക്കാൻ പാകിസ്ഥാനെ തുർക്കി രഹസ്യമായി സഹായിച്ചതായി റിപ്പോർട്ട്. ഇതിന് പിന്നിൽ പ്രവർത്തിച്ചതും അനുമതി നൽകിയതും പാകിസ്ഥാനിലെ മുൻ പ്രധാനമന്ത്രിയായ ഇമ്രാൻ ഖാനായിരുന്നുവെന്നും നോർഡിക് മോണിറ്റർ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അമേരിക്കയെയും ഇന്ത്യയെയും സൈബറിടങ്ങളിൽ ആക്രമിക്കുക, സൈബർ ക്യാംപെയിനുകൾ രൂപപ്പെടുത്തുക, പാകിസ്ഥാനെതിരായ സൈബർ വിമർശനങ്ങളെ പ്രതിരോധിക്കുക എന്നിവയാണ് സൈബർ ആർമിയുടെ പ്രധാന ലക്ഷ്യം. തെക്കുകിഴക്കൻ ഏഷ്യയിലെ മുസ്ളീങ്ങളുടെ കാഴ്ചപ്പാടുകളെ സ്വാധീനിക്കാനും പാകിസ്ഥാൻ രൂപീകരിച്ച സൈബർ ആർമി ശ്രമിക്കുന്നു എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
2018 ഡിസംബർ മാസത്തിൽ തുർക്കിയിലെ ആഭ്യന്തരമന്ത്രി സുലൈമാൻ സോയ്ലുവും പാകിസ്ഥാനിലെ അന്നത്തെ ആഭ്യന്തര സഹമന്ത്രി ഷെഹ്‌രിയാർ ഖാൻ അഫ്രീദിയും തമ്മിലുള്ള ഒരു സ്വകാര്യ ചർച്ചയിലാണ് സൈബർ ആർമി സ്ഥാപിക്കാനുള്ള കാര്യത്തിൽ തീരുമാനം എടുത്തത്. ഇതിന് അന്നത്തെ പാക് പ്രധാനമന്ത്രിയായിരുന്ന ഇമ്രാൻ ഖാനും സമ്മതം മൂളുകയായിരുന്നു. സോയ്ലുവുമായുള്ള കൂടിക്കാഴ്ചയിലാണ് ഇമ്രാൻ സമ്മതം അറിയിച്ചത്. അടുത്തിടെ ഒരു പ്രാദേശിക ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സോയ്ലു ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ അഭിമുഖത്തിൽ അദ്ദേഹം പാകിസ്ഥാന്റെ പേര് നേരിട്ട് പരാമർശിച്ചിട്ടില്ല. തുർക്കിയിൽ നിന്ന് അഞ്ചോ ആറാേ മണിക്കൂർ നേരിട്ട് പറന്ന് എത്തിയ ഒരു രാജ്യത്തിരുന്നാണ് ഇത്തരമൊരു ഓപ്പറേഷൻ നടത്തിയതെന്നതുൾപ്പടെ പാകിസ്ഥാൻ ആണെന്ന വ്യക്തമായ സൂചന മാത്രമാണ് നൽകിയത്.
പാകിസ്ഥാന്റെ ആവശ്യം നടത്തുന്നതിനായി വിവിധ വകുപ്പുകളിൽ നിന്നുള്ള അഞ്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയാണ് തുർക്കി വിട്ടുനൽകിയത്. ഇവർ പാകിസ്ഥാനിൽ മാസങ്ങളോളം താമസിച്ചാണ് സൈബർ ആർമി രൂപീകരണം യാഥാർത്ഥ്യമാക്കിയത് എന്നും സോയ്ലു വെളിപ്പെടുത്തി.ഇമ്രാനുശേഷം അടുത്തുവന്ന സർക്കാരുമായും ഇക്കാര്യത്തിൽ സഹകരണം തുടരുകയാണ്. പാകിസ്ഥാനിലെ ആറായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് തുർക്കി പരിശീലിപ്പിച്ചത്.
രഹസ്യ പ്രവർത്തനങ്ങളും സൈബർ ആക്രമണവും നടത്തിയതിലൂടെ കുപ്രസിദ്ധനായ വ്യക്തിയാണ് സോയ്ലു. തുർക്കി പ്രസിഡന്റ് റജബ് തയ്യിപ് എർദോഗന് വേണ്ടിയായിരുന്നു ഇതെല്ലാം ചെയ്തത്. 6,000 ട്രോളന്മാർ അടങ്ങിയ വലിയൊരു ഗ്രൂപ്പിനെയാണ് ഇതിനായി സോയ്ലു നിയാേഗിച്ചിരുന്നത്. ഇതിനുള്ള പ്രതിഫലമെന്നോണമാണ് സോയ്ലുവിനെ ആഭ്യന്തരമന്ത്രിയാക്കിയത്. എർദോഗനെയും അയാളുടെ പാർട്ടിയെയും അംഗീകരിക്കാത്ത സാംസ്കാരിക നായകന്മാരെയും രാഷ്ട്രീയക്കാരെയും ഈ സംഘത്തെ ഉപയോഗിച്ച് സൈബറിടങ്ങളിൽ പരമാവധി അവഹേളിക്കുന്നതായിരുന്നു ഇവരുടെ രീതി. ഇതിലൂടെ രാജ്യത്തെ സൈബറിടങ്ങളിൽ ആധിപത്യം നേടാനും എർദോഗനായി.
ഭീകര സംഘടനകളെ കൈ അയച്ച് സഹായിക്കുന്ന രീതിയാണ് തുർക്കിയുടേതെന്ന് നേരത്തേ ആരോപണമുയർന്നിരുന്നു. അൽ ക്വയ്ദയുമായി അടുത്ത ബന്ധം പുലർത്തുന്ന തുർക്കിയിലെ സംഘടനയായ ഐഎച്ച്എച്ചിന്റെ നേതൃത്വത്തിൽ ഇസ്താംബൂളിൽ നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടുകാർക്ക് വിരുന്നൊരുക്കിയെന്നുള്ള റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിന് വ്യക്തമായ തെളിവുകളും ലഭിച്ചിട്ടുണ്ട്.