satheeshan-pacheni

കണ്ണൂർ: കെ പി സി സി അംഗവും മുൻ ഡി സി സി പ്രസിഡന്റുമായ സതീശൻ പാച്ചേനി അന്തരിച്ചു. 54 വയസായിരുന്നു. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന അദ്ദേഹത്തിന്റെ നില ഗുരുതരമാകുകയും മരണം സംഭവിക്കുകയുമായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തളിപ്പറമ്പ് അർബൻ കോ–ഓപ്പറേറ്റീവ് ബാങ്കിൽ ജീവനക്കാരിയായ കെ.വി.റീനയാണ് ഭാര്യ. മക്കൾ: ജവഹർ, സാനിയ. സതീശൻ പാച്ചേനിയുടെ നിര്യാണത്തിൽ നിരവധി പേർ അനുശോചനം രേഖപ്പെടുത്തി. സംസ്കാരം നാളെ പയ്യാമ്പലത്ത് നടക്കും.

കെ എസ് യുവിലൂടെയാണ് സതീശൻ പാച്ചേനി പൊതുരംഗത്തേക്ക് എത്തിയത്. കെ എസ് യു കണ്ണൂർ ജില്ലാ സെക്രട്ടറിയായ അദ്ദേഹം 1999 ൽ കെ എസ്.യു സംസ്ഥാന അദ്ധ്യക്ഷനായി. 2016 മുതൽ 2021 വരെ ഡിസിസി അദ്ധ്യക്ഷനായിരുന്നു. പൊതുരംഗത്ത് സജീവമായിരുന്നെങ്കിലും അദ്ദേഹത്തിന് തിരഞ്ഞെടുപ്പുകളിൽ ജയിക്കാൻ കഴിഞ്ഞില്ല. അഞ്ചുതവണ നിയമ സഭയിലേക്കും ഒരുതവണ ലോക്സഭയിലേക്കും മത്സരിച്ചെങ്കിലും നേരിയ ഭൂരിപക്ഷത്തിന് പരാജയപ്പെടുകയായിരുന്നു. 2001ൽ മലമ്പുഴ മണ്ഡലത്തിൽ വി എസിനോട് വെറും 4703 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെട്ടത്. 2009ൽ സി പി എമ്മിന്റെ ഉറച്ച സീറ്റുകളിലൊന്നായ പാലക്കാട് ലോക്‌സഭാ മണ്ഡലത്തിൽ എം ബി രാജേഷിനെതിരെ 1800ൽ പ്പരം വോട്ടുകൾക്ക് മാത്രമാണ് പരാജയപ്പെട്ടത്.

പാർട്ടി ഓഫീസ് നിർമാണവുമായി ബന്ധപ്പെട്ടുള്ള 39 ലക്ഷം രൂപയുടെ ബാദ്ധ്യത തീർക്കാനായി അദ്ദേഹം സ്വന്തം വീട് വിറ്റിട്ടുണ്ട്. കെട്ടിട നിർമാണത്തിനുള്ള പാർട്ടി ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് പണം തിരിച്ചുനൽകാമെന്ന പാർട്ടിയ്ക്കുള്ളിലെ ധാരണയിലാണ് വീട് വിറ്റത്. കണ്ണൂർ ഡിസിസിക്ക് സ്വന്തമായി ഓഫീസ് കെട്ടിടം വേണമെന്നത് ഏറെ നാളത്തെ ആവശ്യമായിരുന്നു. ഇതനുസരിച്ചാണ് ഓഫീസ് നിർമാണം തുടങ്ങിയത്. എന്നാൽ പല കാരണങ്ങളാൽ അത് നീണ്ടുപോയി. പാച്ചേനി അദ്ധ്യക്ഷനായി എത്തിയപ്പോൾ ഓഫീസ് നിർമാണം അതിവേഗം പൂർത്തിയാക്കുമെന്നായിരുന്നു അദ്യ വാഗ്ദ്ധാനം. എന്നാൽ കരാറുകാരനുമായുള്ള തർക്കത്തെ തുടർന്ന് നിർമാണം വീണ്ടും നിലച്ചു. ഒടുവിൽ കരാറുകാരനെ പറഞ്ഞുവിട്ട് നിർമാണം പാർട്ടി ഏറ്റെടുത്തു.എന്നാൽ കരാറുകാരന് നൽകാനുണ്ടായിരുന്ന 39 ലക്ഷം രൂപ കൊടുത്തുതീർക്കാൻ ഏറെ ബുദ്ധിമുട്ടി. ഇതോടെയാണ് വീട് വിൽക്കാൻ തീരുമാനിച്ചത്. മുപ്പത്തെട്ടുലക്ഷം രൂപയ്ക്കായിരുന്നു വീട് വിറ്റത്.