
ഹെെദരാബാദ് : ഹെെദരാബാദിലെ അസീസ് നഗറിലുള്ള ഫാംഹൗസിൽ കഴിഞ്ഞ ദിവസം നടന്ന പൊലീസ് റെയ്ഡിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. തെലങ്കാനയിൽ ബി ജെ പി ഓപ്പറേഷൻ താമരയ്ക്ക് പദ്ധതിയിട്ടതായി ആരോപിച്ച് ടി ആർ എസ് എം എൽ എ നൽകിയ വിവരത്തെ തുടർന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്. ഹരിയാന ഫരീദാബാദിലെ പുരോഹിതനായ രാംചന്ദ്രഭാരതിയെന്ന സതീശ് ശർമ്മ, തിരുപ്പതിയിലെ ഡി.സിംഹയാജി, വ്യാപാരിയായ നന്ദകുമാർ എന്നിവരാണ് പിടിയിലായത്. ടി ആർ എസ് എം എൽ എമാരെ വിലയ്ക്ക് വാങ്ങാനുള്ള ചർച്ച നടക്കുന്നതിനിടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു.
കൂറ്മാറുന്ന പ്രധാന നേതാവിന് 100 കോടി രൂപയും കൂടെ കൂട്ടുന്ന ഓരോ എം എൽ എയ്ക്കും 50 കോടിയുമായിരുന്നു വാഗ്ദാനമെന്ന് പൊലിസിനെ വിവരം അറിയിച്ച ടി ആർ എസ് എം എൽ എ വ്യക്തമാക്കി. പ്രതികൾ വ്യാജ പേരിലാണ് ഹെെദരാബാദിൽ എത്തിയതെന്നും പരിശോധനയ്ക്കിടെ 15 കോടി രൂപ പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു. ഇവർ ബി ജെ പി ഏജന്റുമാരാണെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.
എന്നാൽ മുനുഗോഡ് ഉപതിരഞ്ഞെടുപ്പിൽ തോൽവി ഭയന്ന് അതിൽ നിന്ന് ശ്രദ്ധതിരിക്കാൻ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു നടത്തുന്ന നാടകമാണിതെന്ന് ബി ജെ പി നേതാക്കൾ ആരോപിക്കുന്നുണ്ട്.