
പി. സുരേഷ് ബാബു
മാനവരാശിയുടെ ചരിത്രത്തിൽ ശാസ്ത്രം പിറവിയെടുത്തത് എന്നാണെന്ന് പറയുക അസാധ്യമാണ്. ചരിത്രാതീത മനുഷ്യൻ വേട്ടയാടാൻ ഒരു വില്ല് നിർമ്മിച്ചപ്പോഴാവാം. അല്ലെങ്കിൽ മനുഷ്യൻ തീ കണ്ടുപിടിച്ചപ്പോഴാകാം. അതുമല്ലെങ്കിൽ ചക്രം കണ്ടുപിടിച്ചപ്പോഴാകാം. ശാസ്ത്രത്തിന്റെ യഥാർത്ഥ തുടക്കം ഒരിക്കലും അറിയപ്പെടാതെ പോയേക്കാം. ശാസ്ത്രചരിത്രത്തിന്റെ ആദ്യകാലത്ത് കേവല യുക്തിയിലും നവീനചിന്തയിലും പിറവിയെടുത്ത നിരവധി ലളിതമായ പരീക്ഷണങ്ങളും കണ്ടെത്തലുകളും നടന്നിട്ടുണ്ടാവണം. അവയുടെ എല്ലാ വിവരങ്ങളും അക്കാലത്ത് രേഖപ്പെടുത്തിയിട്ടില്ല. അതിനാൽ അതൊന്നും നമുക്ക് ലഭ്യവുമല്ല.
'ശാസ്ത്രത്തിന്റെ ഉദയം (The Dawn of Science) ജിജ്ഞാസുക്കൾക്കായി ചരിത്രത്തിലേക്ക് ഒരു തിരനോട്ടം ജനകീയ ശാസ്ത്രജ്ഞൻ എന്നു വിശേഷിപ്പിക്കാവുന്ന  താണു പദ്മനാഭനും ഭാര്യ വസന്തി പദ്മനാഭനും ചേർന്നെഴുതിയ ദി.ഡാൺ ഓഫ് സയൻസ്എന്ന ഗ്രന്ഥം ശാസ്ത്രത്തിന്റെ ഉദയം എന്ന പേരിൽ പ്രമുഖ മാദ്ധ്യമ പ്രവർത്തകനും കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററുമായ പി.സുരേഷ്ബാബു പരിഭാഷപ്പെടുത്തിയിരിക്കുന്നു.സങ്കീർണ്ണമായിപ്പോകാവുന്ന വിഷയം വളരെ ലളിതമായി എഴുതിയിരിക്കുന്നു.ശാസ്ത്രത്തിൽ താത്പ്പര്യമുള്ളവർ മാത്രമല്ല,എല്ലാ വായനാകുതുകികളും വായിച്ചിരിക്കേണ്ട,പ്രത്യേകിച്ചും വിദ്യാർത്ഥികൾ നിർബന്ധമായി വായിച്ചിരിക്കേണ്ട ഗ്രന്ഥമാണിത്.
മനുഷ്യന്റെ ഏറ്റവും ഉന്നതമായ ധൈഷണിക നേട്ടങ്ങളിലൊന്ന് ഒരുപക്ഷേ ശാസ്ത്രചിന്തകളുടെ ഉദയവും വികാസവും ആണ്. ശാസ്ത്രത്തിനായി ജീവിതം സമർപ്പിച്ച നിരവധി മഹാത്മാക്കളുടെ അക്ഷീണമായ പ്രയത്നങ്ങളുടെയും ആത്മത്യാഗത്തിന്റെയും ഫലമാണ് ഈ നേട്ടങ്ങൾ. ഈ പുസ്തകത്തിൽ ഉടനീളം അതുകാണാം. ഇവരിൽ പലർക്കും വിജയകരമായ മറ്റ് പല തൊഴിലുകളും ചെയ്ത് വ ളരെ വ്യത്യസ്തമായ ജീവിതം നയിക്കാമായിരുന്നു. എന്നിട്ടും അവർ ശാസ്ത്രത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ചത് പ്രകൃതിയുടെ സൂക്ഷ്മരഹസ്യങ്ങളിൽ ആകൃഷ്ടരാവുകയും അവ അറിയാനുള്ള കൗതുകവും ആകാംക്ഷയും അവരെ മുന്നോട്ടു നയിക്കുകയും ചെയ്തതിനാലാണ്. തങ്ങളുടെ ചുറ്റുമുള്ള ലോകത്തിന്റെ രഹസ്യങ്ങൾ അനാവരണം ചെയ്യാനായി അവർ ജീവിതം തന്നെ സമർപ്പിച്ചു.
ശാസ്ത്രചിന്തയുടെ ചരിത്രപരമായ ഉദയവും വികാസവും തങ്ങളിൽ സൃഷ്ടിച്ച ആവേശം സമാനമനസ്കരും ജിജ്ഞാസാഭരിതരും വിദ്യാസമ്പന്നരുമായ സാമാന്യജനങ്ങളുമായി പങ്കുവയ്ക്കുകയാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യം. അല്ലാതെ ശാസ്ത്രചരിത്രകാരന്മാർക്കായി ശാസ്ത്രചരിത്രാന്വേഷികളായ രണ്ട് എഴത്തുകാർ ശാസ്ത്രത്തിന്റെ ചരിത്രത്തെപ്പറ്റി രചിച്ച ഏകവിഷയ പ്രബന്ധമൊന്നുമല്ല ഇത്. അത്തരം ഗ്രന്ഥങ്ങൾ പണ്ഡിതോചിതം ആയിരിക്കുമെന്നതിൽ സംശയമില്ല. പക്ഷേ വായിച്ചാൽ ഉറക്കം വരുന്നതാവും അവയിലെ ശൈലി. ഞങ്ങളുടെ ഉദ്ദേശ്യം മറ്റൊന്നാണ് - നിങ്ങൾ ഈ പുസ്തകം വായിച്ച് ആസ്വദിക്കണം !താണു പദ്മനാഭനും വസന്തിയും പറയുന്നു.
പ്രസാധകർ: 
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
ഒരു ഹിപ്നോട്ടിസ്റ്റിന്റെ
അനുഭവങ്ങൾ
ജോൺസൺ ഐരൂർ
വിശ്വാസത്തിൽ നിന്ന് യുക്തിവാദത്തിലേക്കു നീങ്ങിയ ഒരു മനസിന്റെ കഥയും ഒപ്പം തന്നെ ആ യുക്തിവാദം അനേകം വെല്ലുവിളികളെ നേരിടുന്നതിന്റെയും രസകരമായ ആഖ്യാനമാണ് ഈ ആത്മകഥ. ഇതിന്റെ സാമൂഹ്യസ്വഭാവം, പല ആത്മകഥകളിൽ നിന്ന് വേറിട്ടതാക്കുന്നു. ഇത് ഗ്രന്ഥകർത്താവിന്റെ മാത്രമല്ല മറ്റ് അനേകം എഴുത്തുകാരുടെ കഥകൾ കൂടിയാണ്. അവരുടെ ഓർമ്മകൾക്കൊപ്പം സമുദായ ചരിത്രങ്ങളും പലതരം ആളുകളുടെ അനുഭവവും ഹിപ്നോട്ടിസം അറിവുകളും സമ്പന്നതയും ഗ്രന്ഥത്തെ പാരായണ യോഗ്യമാക്കുന്നു, അതിനാൽ ഒരു ഹിപ്നോട്ടിസ്റ്റിന്റെ അനുഭവങ്ങൾ ജനപ്രിയ പുസ്തകം തന്നെയാണ്.
പ്രസാധകർ : 
കറന്റ് ബുക്സ്
രേഖയുടെ കഥകൾ
1997 - 2009
രേഖ .കെ
കഥയിൽ നനുത്തു വിടരുന്ന മനുഷ്യബന്ധങ്ങളുടെ കുളിരും സുഖകരമായ ഈർപ്പവുമാണ് ഈ കഥകളുടെ പ്രത്യേകത. 
മലയാള കഥ കാലങ്ങളിലൂടെ കൈവരിച്ച വിവരണ കലയുടെ മികവുകൾ ഈ കഥകളെ അനുഗ്രഹിച്ചിട്ടുണ്ട്. തന്നിൽ തന്നെ വിലപിക്കുന്ന വാക്കുകൾകൊണ്ട് അജ്ഞാതർക്കു വേണ്ടി പണിയുന്ന സ്മാരകങ്ങളാണ് രേഖയുടെ കഥകൾ സമാഹാരത്തിലെ ഓരോ കഥയും . വായനയെ അർത്ഥവത്തായ നിമിഷങ്ങളിലേക്ക് സ്നേഹത്തോടെ നയിക്കുന്ന കഥകളുടെ സമാഹാരം മലയാള കഥക്കു ലഭിച്ച അനന്യമായ സംഭാവനയാണ്.
പ്രസാധകർ: 
കറന്റ് ബുക്സ്.