
കൊച്ചി: പരാതിക്കാരിയെ മർദിച്ച കേസിൽ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയുടെ അറസ്റ്റ് തടഞ്ഞ് കോടതി. മുൻകൂർ ജാമ്യത്തിൽ അന്തിമ ഉത്തരവ് വരുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞത്. വഞ്ചിയൂർ പൊലീസ് എടുത്ത കേസിലാണ് അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവ്.
അതേസമയം, എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിക്കെതിരെ എറണാകുളം കുറുപ്പംപടി പൊലീസ് കേസെടുത്തിരിക്കുകയാണ്. എംഎൽഎയുടെ ഭാര്യ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. എൽദോസിന്റെ ഫോൺ യുവതി മോഷ്ടിച്ചെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ഭാര്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
എൽദോസിനെ ഇന്ന് പരാതിക്കാരിയുടെ വീട്ടിലെത്തിച്ച് തെളിവെടുക്കും. കഴിഞ്ഞ ദിവസം കോവളം ഗസ്റ്റ് ഹൗസ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെത്തിച്ച് തെളിവെടുത്തിരുന്നു. അടുത്ത ദിവസങ്ങളിൽ പെരുമ്പാവൂരെത്തിച്ചും തെളിവെടുക്കും. അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെങ്കിലും ചോദ്യങ്ങൾക്ക് എംഎൽഎ വ്യക്തമായ മറുപടി നൽകുന്നില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. യുവതിയുടെ പരാതിയിലെ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് എൽദോസ്.