
തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകർക്ക് നേരെ വിഴിഞ്ഞം സമരക്കാരുടെ കൈയേറ്റം. വിഴിഞ്ഞം തുറമുഖത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തരെയാണ് പ്രതിഷേധക്കാർ ആക്രമിച്ചത്. തങ്ങളുടെ പ്രതിഷേധത്തിന്റെ വീഡിയോ ചിത്രീകരിക്കാൻ പാടില്ലെന്നും പറഞ്ഞായിരുന്നു സ്ത്രീകൾ അടക്കമുള്ളവർ ആക്രമിച്ചത്.
മീഡിയ വൺ, ഏഷ്യാനെറ്റ് ചാനലുകളുടെ ക്യാമറകൾ തകർത്തു. കൈരളി, ഏഷ്യാനെറ്റ്, മീഡിയ വൺ, ജനം, റിപ്പബ്ലിക് ടി വി ചാനലുകളുടെ റിപ്പോർട്ടർമാരെയും ക്യാമറമാന്മാരെയും കയ്യേറ്റം ചെയ്യാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചു. 24 ന്യൂസിന്റെ ഡ്രൈവർക്ക് കല്ലേറിൽ തലയ്ക്കു പരിക്കേറ്റു. വൈദികർ അടക്കമുള്ളവർ വനിത മാദ്ധ്യമ പ്രവർത്തകരോട് അറപ്പുളവാക്കുന്ന ഭാഷയിലാണ് സംസാരിച്ചത്. ഇത്തരം അക്രമങ്ങൾ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. ഉച്ചവരെ ലൈവ് റിപ്പോർട്ടിംഗ് നടത്തിയ ചാനലുകാർക്ക് പിന്നീട് മടങ്ങിപ്പോരേണ്ട സാഹചര്യമാണ് ഉണ്ടായത്.സംഭവത്തിൽ കേരള പത്ര പ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.
ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധമാണ് വിഴിഞ്ഞം പദ്ധതി പ്രദേശത്ത് നടക്കുന്നത്. കടലിലൂടെ വള്ളങ്ങളിലെത്തിയ മത്സ്യത്തൊഴിലാളികൾ പ്രതിഷേധ സൂചകമായി വള്ളങ്ങൾ കത്തിച്ചു. പ്രതിഷേധത്തിന്റെ നൂറാം ദിവസമായ ഇന്ന് കരയിലും കടലിലും ഒരേ സമയത്താണ് സമരം സംഘടിപ്പിച്ചത്.
മുല്ലൂർ കവാടം, വിഴിഞ്ഞം കവാടം, മുതലപ്പൊഴി എന്നിവിടങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മുല്ലൂരിലെ പ്രധാന കവാടത്തിന്റെ പൂട്ട് തകർത്ത സമരക്കാർ പദ്ധതി പ്രദേശത്തേയ്ക്ക് കടക്കുകയായിരുന്നു. രാവിലെ 8.30 മുതൽ ഒരോ ഇടവകകളിൽ നിന്നും ബൈക്കുകളിലും ഒട്ടോകളിലുമാണ് പ്രതിഷേധക്കാർ മുല്ലൂരിലെ സമരപന്തലിലെത്തിയത്.
ഏഴ് ആവശ്യങ്ങൾ ഉന്നയിച്ചാണ് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരസമിതി ജൂലായ് 30 മുതൽ സമരം ചെയ്യുന്നത്. തുറമുഖ നിർമ്മാണം നിർത്തിവച്ച് തീരശോഷണത്തെക്കുറിച്ച് പഠിക്കണമെന്ന ആവശ്യമൊഴികെ മറ്റ് ആറ് ആവശ്യങ്ങൾ അംഗീകരിച്ചിരുന്നു. പഠനം നടത്തണമെന്ന ആവശ്യം ശക്തമാക്കുകയാണ് പ്രതിഷേധക്കാർ.