
ഡിമെൻഷ്യ, അൽഷിമേഴ്സ് എന്നീ രോഗങ്ങൾ സ്ഥിരീകരിക്കുന്നവരുടെ എണ്ണം എക്കാലത്തെയും ഉയർന്ന നിരക്കിൽ എത്തിയപ്പോൾ ഇതിന്റെ കാരണം കണ്ടെത്തുന്നതിനായി നിരവധി പഠനങ്ങൾ നടന്നു. എന്നാൽ ഇതുവരെ ഇതിന് കൃത്യമായ ഉത്തരം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ പുറത്തുവന്ന സൈക്യാട്രിക് റിസർച്ച് ജേണൽ പ്രകാരം ആൺകുട്ടികളുള്ള മാതാപിതാക്കൾ പെൺകുട്ടികളുള്ളവരെക്കാൾ വേഗത്തിൽ പ്രായമാകാൻ സാദ്ധ്യതയുണ്ടെന്ന് കണ്ടെത്തി. പ്രായമാകുന്തോറും അവരുടെ മസ്തിഷ്ക ശക്തി വളരെ വേഗത്തിൽ കുറയുന്നതായി തെളിഞ്ഞു. കൂടാതെ ഒന്നിൽ കൂടുതൽ ആൺമക്കളുണ്ടെങ്കിൽ പ്രശ്നങ്ങൾ കൂടുതൽ വഷളാകുമെന്നും പഠനത്തിൽ പറയുന്നു.
50 വയസിൽ കൂടുതൽ പ്രായമുള്ള 13,222 രക്ഷിതാക്കളിൽ 18 വർഷം നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്. ഗണിത പരിശോധനകളും ഓർമ്മ പരീക്ഷിക്കുന്ന ടെസ്റ്റുകളുമാണ് ഇതിൽ ഉൾപ്പെടുത്തിയിരുന്നത്. ആദ്യ ഘട്ടത്തിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മാതാപിതാക്കൾ ഒരുപോലെ സ്കോറുകൾ നേടിയിരുന്നെങ്കിലും കാലക്രമേണ, കുട്ടികൾ വളരുന്നതിനനുസരിച്ച് ആൺകുട്ടികളുടെ മാതാപിതാക്കളിൽ ഓർമശക്തി കുറയുന്നതായി കണ്ടെത്തി. വിഷാദരോഗത്തിനെതിരെ പോരാടാനും പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് വേഗത്തിൽ കഴിയുമെന്നും പഠനത്തിൽ പറയുന്നു.
ഡിമെൻഷ്യ/ മറവിയുടെ ആദ്യഘട്ട ലക്ഷണങ്ങൾ
1.സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ബാക്കി മറന്നുപോവുക
2. കാര്യമില്ലാതെ വിഷമിക്കുക
3. ഉത്കണ്ഠ
4. ദേഷ്യം
5. ഉറക്ക കുറവ്
6. അശ്രദ്ധ
7. വ്യക്തത ഇല്ലാത്ത സംസാരം
8. സ്വഭാവത്തിൽ മാറ്റം