dog1

ഏത് നായയ്ക്കും ഒരു ദിവസമുണ്ടെന്നല്ലേ പറയുന്നത്. എന്നാൽ നേപ്പാളിലെ നായകൾക്ക് ഒരു ദിവസമല്ല അഞ്ചുദിവസമാണുള്ളത്. മറ്റുദിവങ്ങളിൽ ശല്യമെന്ന് പറഞ്ഞ് ആട്ടിയകറ്റപ്പെടുന്ന തെരുവുനായകൾക്കുൾപ്പടെ ഈ ദിവസങ്ങളിൽ രാജയോഗമാണ്. ഇഷ്ട ഭക്ഷണം മതിയാവോളം കിട്ടും. പോരാത്തതിന് പൂമാലയും കുങ്കുമതിലകവുമൊക്കെയായി ആകെയൊരു ഉത്സവമേളം.

dog

'കുർകുർ തിഹാർ' എന്നാണ് നേപ്പാളിൽ ഈ നായ ഉത്സവത്തിന് ഇട്ടിരിക്കുന്ന പേര്. നാട്ടുകാർക്കൊപ്പം സന്നദ്ധപ്രവർത്തകരും വിദേശികൾ ഉൾപ്പടെയുള്ളവരും പങ്കെടുക്കും. ഹിന്ദു ആചാരപ്രകാരമുള്ള ഉത്സവത്തിന്റെ രണ്ടാം ദിനത്തിലാണ് ശരിക്കും കുർകുർ തിഹാർ നടക്കുന്നത്. നീതിയുടെയും മരണത്തിന്റെയും ദേവനായ യമരാജനെയാണ് അന്ന് ആദരിക്കുന്നത്. അതിനാൽ ആ ദിവസങ്ങളിൽ നായ്ക്കൾക്ക് ഇഷ്ടുള്ളതെല്ലാം ആവോളം നൽകണം. ഉത്സവ ദിവസങ്ങളിൽ നായ്ക്കളോട് അപമര്യാദയയായി പെരുമാറുന്നതും അവയ്ക്ക് വേണ്ടത് നൽകാത്തതും കൊടിയ പാപമായാണ് കരുതുന്നത്.

ഉത്സവദിവസങ്ങളിലെ കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും അതുകഴിഞ്ഞാൽ നായ്ക്കളുടെ സ്ഥിതി പരമദയനീയമാണ്. കാഠ്മണ്ഡു താഴ്‌വരയിൽ മാത്രം 20,000 തെരുവുനായ്ക്കൾ ഉണ്ടെന്നാണ് കണക്ക്. ഇതിൽ ഏറെയും മാരക രോഗം ബാധിച്ചവയാണ്. വാഹനങ്ങൾ ഇടിച്ചാണ് ഒട്ടുമിക്കവയും ചാവുന്നത്. ഇവറ്റകളെ പുനരധിവസിപ്പിക്കാനാേ, ജനങ്ങൾക്കിടയിലെ ഭീതി അകറ്റാനോ അധികൃതർക്ക് കഴിയുന്നില്ലെന്നതാണ് സത്യം.