
സിഡ്‌നി: പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിലെ തകർപ്പൻ വിജയത്തിന് പിന്നാലെ ട്വന്റി-20 ലോകകപ്പിന്റെ സൂപ്പർ 12 റൗണ്ടിലെ രണ്ടാം മത്സരത്തിൽ നെതർലൻഡ്‌സിനെ 56 റൺസിന് തകർത്ത് ഇന്ത്യൻ ടീം. ചിരവൈരികൾക്കെതിരെ എക്കാലവും ഓർത്തിരിക്കാനുള്ള വിജയം കൈവരിച്ചതിന്റെ ആത്മവിശ്വാസവുമായാണ് രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ ഇന്ത്യൻപട കളത്തിലിറങ്ങിയത്.
ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യൻ ടീമിന് വൈസ് ക്യാപ്‌ടൻ കെ എൽ രാഹുലിനെ തുടക്കത്തിൽ തന്നെ നഷ്ടമായി. ആകെ ഒൻപത് റൺസ് മാത്രമായിരുന്നു രാഹുലിന് നേടാനായത്. പിന്നാലെ രോഹിത് ശർമ്മ-വിരാട് കോഹ്‌ലി കൂട്ടുകെട്ട് എത്തിയെങ്കിലും ആദ്യ ആറ് ഓവറിൽ ഒരു വിക്കറ്റിന് 32 റൺസ് മാത്രമായിരുന്നു ഇന്ത്യ അടിച്ചെടുത്തത്.
പിന്നാലെ കോഹ്‌ലി കൂട്ടുക്കെട്ടിൽ സ്‌കോർ 67ൽ എത്തിച്ചെങ്കിലും 53 റൺസിന് രോഹിത് പുറത്തായി. ടൂർണമെന്റിൽ 50 റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം, ടൂർണമെന്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ ഇന്ത്യൻ താരം തുടങ്ങിയ വമ്പൻ നേട്ടങ്ങൾ സ്വന്തമാക്കിയാണ് താരം കളിക്കളം വിട്ടത്.
തുടർന്ന് ഗ്രൗണ്ടിലെത്തിയ സൂര്യകുമാർ യാദവിനൊപ്പമുള്ള തകർപ്പൻ പ്രകടനത്തിൽ കോഹ്‌ലിയും യാദവും ചേർന്ന് നേടിയത് 95 റൺസ്. പിന്നാലെ 20 ഓവറിൽ 179 റൺസും രണ്ട് വിക്കറ്റുമായി ഇന്ത്യ വിജയതിലകം അണിയുകയായിരുന്നു. ടി20 ലോകക്കപ്പിൽ വേഗമേറിയ അർദ്ധസെഞ്ചുറി നേടുന്ന നാലാമത്തെ താരമെന്ന നേട്ടവും സൂര്യകുമാർ യാദവ് സ്വന്തം പേരിൽ എഴുതിച്ചേർത്തു. അതേസമയം, കോഹ്‌ലി പുറത്താകാതെ 44 പന്തിൽ 66 റൺസ് നേടി. ഒൻപത് വിക്കറ്റിന് 129 റൺസ് മാത്രമാണ് നെതർലൻഡ്‌സിന് നേടാനായത്. നെതർലൻഡ്‌സിനെതിരായുള്ള വിജയത്തോടെ നാല് പോയിന്റുമായി ഇന്ത്യ ഗ്രൂപ്പിൽ ഒന്നാമതെത്തി. ഇനി ടെൻഷൻ കൂടാതെ ദക്ഷിണാഫ്രിക്ക,ബംഗ്ളാദേശ് എന്നിവരെ ഇന്ത്യയ്ക്ക് നേരിടാം.