kerala-police

കോഴിക്കോട്: ജോലിയുടെ ഭാഗമായി കണ്ടെത്തിയ പന്ത്രണ്ട് ദിവസം മാത്രം പ്രായമായ കുഞ്ഞിന് മുലയൂട്ടി ജീവൻ രക്ഷിച്ച് വനിതാ പൊലീസ് ഓഫീസർ. ചേവായൂർ പൊലീസ് സ്റ്റേഷനിലെ സി പി ഒ എം രമ്യയാണ് കൃത്യനിർവഹണത്തിനിടയിലും മാതൃത്വത്തിന് മാതൃകയായത്. ഒക്‌ടോബർ 23നായിരുന്നു സംഭവം.

ഭാര്യയുമായി പിണങ്ങിക്കഴിയുന്ന ഭ‌ർത്താവും ഭർതൃമാതാവും ചേർന്ന് പന്ത്രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കടത്തിക്കൊണ്ട് പോയ കേസിലെ അന്വേഷണ സംഘത്തിലെ അംഗമായിരുന്നു രമ്യ. കുഞ്ഞിന്റെ അമ്മയിൽ നിന്ന് ലഭിച്ച പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണം ചെന്നെത്തിയത് ബത്തേരിയിലായിരുന്നു. ബംഗളൂരുവിലേയ്ക്ക് പുറപ്പെടുകയായിരുന്ന ഇവരെ ബത്തേരിയിൽ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു.

പിന്നാലെ കുഞ്ഞിനെ പൊലീസ് ആശുപത്രിയിൽ എത്തിച്ചു. ഇതിനിടെ കുഞ്ഞിന്റെ ആരോഗ്യനില മോശമായിരുന്നു. പരിശോധനയ്ക്കിടെ കുഞ്ഞിന്റെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതായി ഡോക്‌ടർ അറിയിച്ചു. ഇതുകേട്ട രമ്യ ഉടൻ തന്നെ ഡോക്‌റോട് അനുമതി തേടി കുഞ്ഞിനെ പാലൂട്ടുകയായിരുന്നു. ഫീ‌ഡിംഗ് മദറാണെന്ന് അറിയിച്ചാണ് രമ്യ ഡോക്‌ടറുടെ അനുമതി തേടിയത്. മുലപ്പാൽ വയറ്റിലെത്തിയതോടെ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. നന്തി ചിങ്ങപുരം കിഴക്കേ നൊട്ടിക്കണ്ടിയിൽ മാധവന്റെയും രതീദേവിയുടെയും മകളാണ് രമ്യ. ഭർത്താവ് അശ്വന്ത് അദ്ധ്യാപകനാണ്. അഞ്ചും ഒന്നും വയസ് പ്രായമുള്ള രണ്ട് മക്കളാണ് രമ്യയ്ക്കുള്ളത്.