india-cricket

ലോകകപ്പിൽ നെതർലാൻഡ്സിനെതിരെ അനായാസവിജയം നേടി ഇന്ത്യ

ഇന്ത്യ 179/2,നെതർലാൻഡ്സ് 123/9, ഇന്ത്യൻ വിജയം 56 റൺസിന്

രോഹിത് ശർമ്മയ്ക്കും(53) വിരാട് കൊഹ്‌ലിക്കും(62*) സൂര്യകുമാറിനും(51*) അർദ്ധസെഞ്ച്വറി

സൂര്യകുമാർ യാദവ് മാൻ ഒഫ് ദ മാച്ച്

സിഡ്നി: ആദ്യ മത്സരത്തിൽ പാകിസ്ഥാനെതിരെ നേടിയ വിജയത്തിന്റെ ആവേശവുമായി ഇറങ്ങിയ ഇന്ത്യ ആസ്ട്രേലിയയിൽ ന‌ടക്കുന്ന ട്വന്റി-20 ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ദുർബലരായ നെതർലാൻഡ്സിനെതിരെയും വിജയം നേടി സെമഫൈനൽ പ്രതീക്ഷകൾക്ക് നിറം പകർന്നു.

ഇന്നലെ സിഡ്നിയിൽ നടന്ന മത്സരത്തിൽ 56 റൺസിനായിരുന്നു രോഹിത് ശർമ്മയുടെയും സംഘത്തിന്റെയും വിജയം.ടോസ് നേടിയ ഇന്ത്യ ആദ്യ ബാറ്റിംഗിനിറങ്ങി രണ്ട് വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് എന്ന സ്കോർ ഉയർത്തിയശേഷം ഡച്ചുകാരെ നിശ്ചിത 20 ഓവറിൽ 123/9 ൽ ഒതുക്കുകയായിരുന്നു. അർദ്ധസെഞ്ച്വറികൾ നേടിയ നായകൻ രോഹിത് ശർമ്മ(39 പന്തുകളിൽ 53 റൺസ് ),വിരാട് കൊഹ്‌ലി (44 പന്തുകളിൽ പുറത്താകാതെ 62 റൺസ്) , സൂര്യകുമാർ യാദവ്(25 പന്തുകളിൽ പുറത്താവാതെ 51 റൺസ് ) എന്നിവരുടെ മികച്ച ബാറ്റിംഗാണ് ഇന്ത്യയെ മാന്യമായ സ്കോറിലെത്തിച്ചത്.ബൗളിംഗിൽ രണ്ട് വീതം വിക്കറ്റുകളുമായി ഭുവനേശ്വറും അക്ഷർ പട്ടേലും രവിചന്ദ്രൻ അശ്വിനും അർഷ്ദീപ് സിംഗും തിളങ്ങിയപ്പോഴാണ് ഡച്ചുകാർക്ക് തിരിച്ചടിയേറ്റത്. ഷമിക്ക് ഒരു വിക്കറ്റ് ലഭിച്ചു.

ഒരിക്കൽക്കൂടി കെ.എൽ രാഹുലിന് (9)അടിതെറ്റുന്നതിന് സാക്ഷ്യം വഹിച്ചാണ് ഇന്ത്യൻ ബാറ്റിംഗ് തുടങ്ങിയത്. മൂന്നാം ഓവറിൽ വാൻ മീക്കീരന്റെ പന്തിൽ വിക്കറ്റിന് മുന്നിൽകുരുങ്ങിയാണ് രാഹുൽ മടങ്ങിയത്. തുടർന്ന് ക്രീസിലെത്തിയ വിരാട് കൊഹ്‌ലിയും രോഹിത് ശർമ്മയും ആദ്യ പവർപ്ളേയിൽ വിക്കറ്റ് പോകാതിരിക്കാൻ കരുതിക്കളിച്ചു. നെതർലാൻഡ്സ് താരങ്ങളുടെ ഫീൽഡിംഗിലെ കൈപ്പിഴകൾ രോഹിതിന് ലൈഫ് നൽകി. പവർപ്ളേയിലെ ആറോവറുകളിൽ 32 റൺസ് മാത്രമാണ് ഇന്ത്യ നേടിയത്.

എന്നാൽ പിന്നീട് ഇരുവരും തനിസ്വരൂപം പുറത്തെടുത്തു.പാകിസ്ഥാനെതിരെ നിറുത്തിയേടത്തുനിന്ന് വിരാട് ഷോട്ടുകൾ ഉതിർത്തുതുടങ്ങിയപ്പോൾ രോഹിതിനും ആത്മവിശ്വാസമേറി. ആദ്യ പത്തോവറിൽ ഒരുവിക്കറ്റ് നഷ്ടത്തിൽ 37 റൺസാണ് ഇന്ത്യ നേടിയത്. തൊട്ടുപിന്നാലെ രോഹിത് അർദ്ധസെഞ്ച്വറി തികച്ചു. 35പന്തുകളാണ് ഇന്ത്യൻ നായകന് തന്റെ കരിയറിലെ 29-ാം അർദ്ധ സെഞ്ച്വറിയിലെത്താൻ വേണ്ടിവന്നത്. വൈകാതെ രോഹിത് മടങ്ങുകയും ചെയ്തു. 12-ാം ഓവറിൽ ക്ളാസന്റെ പന്തിൽ ആക്കെർമാന് ക്യാച്ച് നൽകിയാണ് രോഹിത് പുറത്തായത്.39 പന്തുകൾ നേരിട്ട ഇന്ത്യൻ നായകൻ നാലുഫോറും മൂന്ന്സിക്സും പായിച്ചിരുന്നു.

തുടർന്നെത്തിയ സൂര്യകുമാറും വിരാടും ചേർന്ന് പിന്നീടങ്ങോട്ട് കത്തിക്കയറുകയായിരുന്നു.അവസാന എട്ടോവറിൽ 95 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. നേരിട്ട 37-ാമത്തെ പന്തിൽ വിരാട് അർദ്ധസെഞ്ച്വറിയിലെത്തിയപ്പോൾ സൂര്യയ്ക്ക് അതിലും വേഗമായിരുന്നു.25 പന്തുകളിലാണ് സൂര്യ പന്താം അന്താരാഷ്ട്ര ട്വന്റി-20 അർദ്ധസെഞ്ച്വറി തികച്ചത്. ഇന്നിംഗ്സിലെ അവസാനപന്തിൽ തകർപ്പൻ സിക്സിലൂടെയാണ് സൂര്യ 51 റൺസ് തികച്ചത്.

മറുപടി ബാറ്റിംഗിൽ ഡച്ചുകാർക്ക് കാലുറപ്പിക്കാൻ ഇന്ത്യ സമയം നൽകിയില്ല. ആദ്യ ഒാവർ മെയ്ഡനാക്കിയ ഭുവനേശ്വർ മൂന്നാം ഓവറിൽ ഇന്ത്യൻ വംശജനായ വിക്രംജീത് സിംഗിനെ(1) ബൗൾഡാക്കി ആദ്യ പ്രഹരം നൽകി. തുടർന്ന് അഞ്ചാം ഓവറിൽ മാക്സ ഒ ഡോവ്ഡിനെയും (16),പത്താം ഓവറിൽ ബാസ് ഡി ലീഡിനെയും അക്ഷർ പട്ടേൽ പുറത്താക്കി. 12-ാം ഓവറിൽ അശ്വിൻ ആക്കെർമാനെയും(17) ടോം ഹൂപ്പറെയും (9) പുറത്താക്കിയതോടെ നെതർലാൻഡ്സ് 63/5 എന്ന നിലയിലായി. ടോപ്സ്കോററായ ടിം പ്രിംഗിളിനെ 16-ാം ഓവറിൽ ഷമിയാണ് മടക്കി അയച്ചത്. അടുത്ത ഓവറിൽ ഭുവി ക്യാപ്ടൻ സ്കോട്ടിനെയും (5) കൂടാരം കയറ്റി. 18-ാം ഓവറിലെ അടുത്തടുത്ത പന്തുകളിൽ അർഷ്ദീപ് സിംഗ് ലോഗൻ വാൻബീക്കിനെയും (3),ഫ്രെഡ് ക്ളാസനെയും (0) കൂടി തിരിച്ചയച്ചു. ഇന്നിംഗ്സ് പൂർത്തിയാകുമ്പോൾ ഷാരിസും(16*) മീക്കീരനും(14*)ക്രീസിലുണ്ടായിരുന്നു.

സ്കോർ ബോർഡ്

ഇന്ത്യ 179/2

രോഹിത് 53,വിരാട് 62*, സൂര്യ 51*

മീക്കീരൻ 1-32,ക്ളാസൻ 1-33

നെതർലാൻഡ്സ് 123/9

പ്രിംഗിൾ 20,ആക്കെർമാൻ 17

ഇന്ത്യൻ ബൗളിംഗ് ഇങ്ങനെ

(ബൗളർ,ഓവർ,മെയ്ഡൻ ,റൺസ് , വിക്കറ്റ് ക്രമത്തിൽ )

ഭുവനേശ്വർ 3-2-9-2

അർഷ്ദീപ് 4-0-37-2

മുഹമ്മദ് ഷമി 4-0-27-1

അക്ഷർ പട്ടേൽ 4-0-18-2

ഹാർദിക് 1-0-9-0

ആർ.അശ്വിൻ 4-0-21-2

35

ട്വന്റി-20 കരിയറിലെ തന്റെ 35-ാമത് അർദ്ധ സെഞ്ച്വറിയാണ് വിരാട് കൊഹ്‌ലി ഇന്നലെ കുറിച്ചത്. ഈ ലോകകപ്പിലെ തുടർച്ചയായ രണ്ടാം അർദ്ധ സെഞ്ച്വറി. രണ്ട് ഇന്നിംഗ്സുകളിലും വിരാട് പുറത്തായില്ല.

12

ട്വന്റി-20 ലോകകപ്പിലെ വിരാട് ഒരു ഡസൻ അർദ്ധസെഞ്ച്വറികൾ തികച്ചു. ഇത് റെക്കാഡാണ്.

989

റൺസാണ് ലോകകപ്പുകളിലെ 21 ഇന്നിംഗ്സുകളിൽ നിന്ന് വിരാട് നേടിയത്. ഇക്കാര്യത്തിൽ ഒന്നാമതുള്ള മഹേല ജയവർദ്ധനെയെ മറിക‌ടക്കാൻ ഇനി 28 റൺസ് കൂടി മതി.

3856

അന്താരാഷ്ട്ര ട്വന്റി-20കളിൽ ഏറ്റവും അധികം റൺസ് നേടിയ ബാറ്ററാണ് വിരാട്. 111 മത്സരങ്ങളിൽ നിന്നാണ് വിരാട് 3856 റൺസ് നേടിയത്. 136 ഇന്നിംഗ്സുകളിൽ നിന്ന് 3794 റൺസ് നേടിയ രോഹിത് ശർമ്മയാണ് രണ്ടാം സ്ഥാനത്ത്.

34

ട്വന്റി-20 ലോകകപ്പുകളിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ ഇന്ത്യൻ താരമെന്ന റെക്കാഡ് ഇനി രോഹിത് ശർമ്മയ്ക്ക് സ്വന്തം.33 സിക്സുകൾ നേടിയിരുന്ന യുവ്‌രാജിനെയാണ് രോഹിത് ഇന്നലെ മറികടന്നത്.63 സിക്സടിച്ചിട്ടുള്ള ക്രിസ് ഗെയ്ലിനാണ് ഇക്കാര്യത്തിലെ അന്താരാഷ്ട്ര റെക്കാഡ്.

9

ട്വന്റി-20 ലോകകപ്പുകളിൽ ഏറ്റവും കൂടുതൽ മെയ്ഡൻ ഒാവറുകൾ എറിഞ്ഞ ബൗളറെന്ന ബുംറയുടെ റെക്കാഡിനാെപ്പം ഭുവനേശ്വർ കുമാറും. ഇന്നലെ ബൗളിംഗ് ഓപ്പൺ ചെയ്ത ഭുവി തുടർച്ചയായ രണ്ട് മെയ്ഡൻ എറിഞ്ഞാണ് റെക്കാഡിനൊപ്പമെത്തിയത്.