crude-oil

ന്യൂഡൽഹി: കഴിഞ്ഞമാസം ഇന്ത്യയിലേക്കുള്ള ക്രൂഡോയിൽ ഇറക്കുമതി കുത്തനെ കുറഞ്ഞിട്ടും റഷ്യയിൽ നിന്നുള്ള ഇറക്കുമതി വർദ്ധിച്ചു. പ്രതിദിനം 3.91 മില്യൺ ബാരൽ ക്രൂഡോയിലാണ് സെപ്തംബറിൽ ഇന്ത്യ ഇറക്കുമതി ചെയ്‌തത്. 2021 സെപ്‌തംബറിനേക്കാൾ 5.6 ശതമാനം കുറവും കഴിഞ്ഞ 14 മാസത്തെ ഏറ്റവും താഴ്‌ചയുമാണിത്.

ഗൾഫിൽ നിന്നുള്ള ഇറക്കുമതി 19 മാസത്തെ ഏറ്റവും താഴ്ചയിലാണ്. ആഗസ്‌റ്റിലേതിനേക്കാൾ 16.2 ശതമാനം താഴ്‌ന്ന് 2.2 മില്യൺ ബാരലാണ് കഴിഞ്ഞമാസം ഗൾഫിൽ നിന്ന് പ്രതിദിനം വാങ്ങിയത്. റഷ്യയിൽ നിന്നുള്ള ഇറക്കുമതി 4.6 ശതമാനം ഉയർന്ന് പ്രതിദിനം 8.96 ബാരലിലെത്തി.

റഷ്യൻ മുന്നേറ്റം

ഇന്ത്യയ്ക്ക് റഷ്യ ആകർഷക ഡിസ്കൗണ്ട് നൽകുന്നതാണ് അവിടെനിന്നുള്ള ഇറക്കുമതി കൂടാൻ കാരണം. സെപ്തംബറിലും ഇന്ത്യയിലേക്കുള്ള ക്രൂഡ് ഇറക്കുമതിയിൽ ഒന്നാംസ്ഥാനം ഇറാക്ക് നിലനിറുത്തി. സൗദിയെ പിന്തള്ളി റഷ്യ രണ്ടാംസ്ഥാനം നേടി. സൗദി മൂന്നാമതും യു.എ.ഇ നാലാമതുമാണ്. ചൈന കഴിഞ്ഞാൽ റഷ്യയിൽ നിന്ന് ഏറ്റവുമധികം എണ്ണവാങ്ങുന്നതും ഇന്ത്യയാണ്.

 ഇന്ത്യയിലേക്കുള്ള ക്രൂഡോയിൽ ഇറക്കുമതിയിൽ റഷ്യയുടെ വിഹിതം 19 ശതമാനത്തിൽ നിന്ന് 23 ശതമാനത്തിലെത്തി.

 ഗൾഫ് മേഖലയുടെ വിഹിതം 59 ശതമാനത്തിൽ നിന്ന് കുറഞ്ഞ് 56.4 ശതമാനമായി.

 കഴിഞ്ഞമാസം സൗദിയിൽ നിന്നുള്ള ഇറക്കുമതി മൂന്നുമാസത്തെയും യു.എ.ഇയിൽ നിന്നുള്ളത് 16 മാസത്തെയും താഴ്ചയിലാണ്.