
കണ്ണൂർ: ഗവർണ്ണർക്കെതിരെ പ്രമേയം പാസാക്കി കണ്ണൂർ സർവകലാശാല. കണ്ണൂർ സർവകലാശാലയിലെ അടക്കം വിസിമാർ രാജി സമർപ്പിക്കണമെന്ന ആവശ്യവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുന്നോട്ട് വന്ന സാഹചര്യത്തിലാണ് സർവകലാശാല സിൻഡിക്കേറ്റ് പ്രമേയം പാസാക്കിയത്. ഗവർണർ വിസിമാരുടെ രാജി ആവശ്യപ്പെട്ട നടപടി സർവകലാശാലകളുടെ കുതിപ്പ് സ്തംഭിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് പ്രമേയാവതരണത്തിലൂടെ സിൻഡിക്കേറ്റ് ചൂണ്ടിക്കാട്ടി. സർവകലാശാല നിയമങ്ങൾക്ക് കടകവിരുദ്ധമായ നയങ്ങളാണ് ഗവർണറുടേതെന്നും സിൻഡിക്കേറ്റ് വിലയിരുത്തി.
അതേ സമയം ഗവർണറും സർക്കാരും തമ്മിലുള്ള തർക്കം ദിനം പ്രതി രൂക്ഷമായി വരുന്ന സാഹചര്യത്തിനിടയിൽ ധനമന്ത്രി കെ എൻ ബാലഗോപാലിലുള്ള വിശ്വാസം നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി രാജി ആവശ്യപ്പെട്ട് .കൊണ്ട് ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചിരുന്നു. ഗവർണറെ ആക്ഷേപിച്ചാൽ മന്ത്രിമാരോടുള്ള പ്രീതി പിൻവലിക്കുമെന്ന് കഴിഞ്ഞ 17ന് നൽകിയ മുന്നറിയിപ്പിനെ പിൻതാങ്ങിയായിരുന്നു നടപടി. പിറ്റേന്ന് കാര്യവട്ടം കാമ്പസിൽ നടന്ന പരിപാടിയിൽ ബാലഗോപാൽ യു.പിയിലെ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രസംഗിച്ചത്. മലയാളം, ഇംഗ്ലീഷ് പത്രങ്ങളിൽ ഈ പ്രസംഗത്തിന്റെ റിപ്പോർട്ടുകൾ അന്നുതന്നെ ശേഖരിക്കാൻ രാജ്ഭവൻ ഉദ്യോഗസ്ഥർക്ക് ഗവർണർ നിർദ്ദേശം നൽകി. മലയാളം റിപ്പോർട്ടുകളുടെ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കാൻ ആവശ്യപ്പെട്ടു. മന്ത്രിമാരായ ആർ.ബിന്ദു, പി.രാജീവ് എന്നിവർ നടത്തിയ പ്രസംഗങ്ങളുടെ റിപ്പോർട്ടുകളും വീഡിയോയും ശേഖരിച്ചു. ഉത്തർപ്രദേശിലെ സർവകലാശാലകളിലെ ഭരണനിർവഹണം അടക്കമുള്ള കാര്യങ്ങളും രാജ്യത്തെ എല്ലാ സർവകലാശാലകൾക്കും ബാധകമായ യു.ജി.സി റഗുലേഷനുകളും ശേഖരിച്ചു. യു.പി സർവകലാശാലകളിൽ വി.സിമാരായിരുന്ന ദക്ഷിണേന്ത്യക്കാരുമായി ആശയവിനിമയം നടത്തി. ബാലഗോപാലിന്റെ പ്രസംഗത്തിന്റെ ഇംഗ്ലീഷ് പരിഭാഷ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകർക്ക് അയച്ചുകൊടുത്ത് നിയമോപദേശം തേടി. 2015ൽ യു.പി മന്ത്രിയായിരുന്ന അസംഖാനോടുള്ള പ്രീതി ഗവർണർ
പിൻവലിച്ചതും കേസിലെ വിധിയും ശേഖരിച്ചു. തുടർന്നാണ് മുഖ്യമന്ത്രിയ്ക്കായുള്ള കത്ത് തയ്യാറാക്കിയത്.
ചൊവ്വാഴ്ച വൈകിട്ട് ആറരയ്ക്ക് ഡൽഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഗവർണർ ഉച്ചയോടെ രാജ്ഭവനിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും ഉദ്യോഗസ്ഥരുടെ ചില നിർദ്ദേശങ്ങൾ കൂടി സ്വീകരിച്ച് അന്തിമ കത്ത് തയ്യാറാക്കുകയുമായിരുന്നു. ശ്രീനാരായണ ഗുരുദേവൻ, ശങ്കരാചാര്യർ, ഇ.എം.എസ് എന്നിവരെക്കുറിച്ചുള്ള വാചകങ്ങൾ ഗവർണറുടെ നിർദ്ദേശപ്രകാരം കത്തിൽ ഉൾപ്പെടുത്തിയിരുന്നു. കത്തിൽ ഒപ്പിട്ട ശേഷം ഗവർണർ ഡൽഹിക്ക് പോയി. ചൊവ്വാഴ്ച വൈകിട്ട് പ്രത്യേക ദൂതൻ വഴിയാണ് മുഖ്യമന്ത്രിക്ക് കത്ത് എത്തിച്ചത്.