rbi

ന്യൂഡൽഹി: ഭീകരരുടെ സാമ്പത്തിക വിവരങ്ങൾ കേന്ദ്രത്തിന് നൽകാനായി ബാങ്കുകളോട് നിർദേശിച്ച് ആർബിഐ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകരരായി പ്രഖ്യാപിച്ച പത്ത് പേരുടെ സാമ്പത്തിക വിവരങ്ങൾ കൈമാറാനാണ് ബാങ്കുകളോടും ധനകാര്യ സ്ഥാപനങ്ങളോടും ആർബിഐ ആവശ്യപ്പെട്ടത്. ഹിസ്ബുൾ മുജാഹിദീൻ, ലഷ്കറെ ത്വയ്ബ അടക്കമുള്ള തീവ്രവാദ സംഘടനകളിൽപ്പെട്ടവർ റിസർവ് ബാങ്ക് നൽകിയ ലിസ്റ്റിൽപ്പെടുന്നു. നിരോധിത സംഘടനാംഗങ്ങളായ ഇവരെ ഒക്ടോബർ നാലിന് ആഭ്യന്തര മന്ത്രാലയം ഭീകരരായി പ്രഖ്യാപിച്ചിരുന്നു.

ലിസ്റ്റിൽ ഉൾപ്പെടുന്ന വ്യക്തികളോടോ സ്ഥാപനങ്ങളോടോ സാമ്യമുള്ള അക്കൗണ്ടുകളുടെ വിശദാംശങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് ചെയ്യണമെന്ന് റിസർവ് ബാങ്ക് പുറപ്പെടുവിച്ച നിർദേശത്തിൽ പരാമർശിക്കുന്നു. പാകിസ്ഥാൻ പൗരനായ ഹബീബുള്ള മാലിക്, ‌ജമ്മുവിലെ ബരാമുള്ള സ്വദേശിയായ ബാസിത് അഹമ്മദ് റെഷി, സോപാർ സ്വദേശിയായ സജാദ്, പൂഞ്ചിൽ നിന്നുള്ള സലിം, പുൽവാമ സ്വദേശിയായ ഷെയ്ഖ് ജമീൽ ഉർ റഹ്മാൻ പാകിസ്ഥാനിൽ നിന്നും ഭീകര പ്രവർത്തനത്തിലേർപ്പെടുന്ന ഇംതിയാസ് അഹമ്മദ് കണ്ടൂ എന്നിവരുൾപ്പെടെ ബാബർ, റഫീഖ് നായി, ഇർഷാദ് അഹ്മദ്, ബഷീർ അഹമ്മദ് പീർ, ബഷീർ അഹമ്മദ് ഷെയ്ഖ് അടങ്ങുന്നവരാണ് റിസർവ് ബാങ്ക് ആവശ്യപ്പെട്ട ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്.