
ന്യൂഡൽഹി: ഇന്ത്യൻ വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കർ നവംബർ എട്ടിന് റഷ്യ സന്ദർശിക്കും. സന്ദർശനത്തിന്റെ ഭാഗമായി ജയശങ്കർ റഷ്യൻ വിദേശ വകുപ്പ് മന്ത്രിയായ 'സെർജി ലാറോവുമായി' കൂടിക്കാഴ്ച്ച നടത്തും. യുക്രെയിനുമായുള്ള യുദ്ധം തുടരുന്ന സാഹചര്യത്തിനിടയിലുള്ള ഇന്ത്യൻ സംഘത്തിന്റെ പര്യടനത്തിൽ റഷ്യയിൽ നിന്നും വാങ്ങുന്ന ഇന്ധനത്തിന്റെ വിലവിവരവും യുദ്ധം മൂലമുണ്ടാകുന്ന ഭക്ഷ്യധാന്യ പ്രതിസന്ധിയും ഉയർന്നു വരുന്ന ആണവായുധ ഭീഷണിയുമടക്കം ചർച്ചയാകുമെന്നാണ് വിവരം. ഉഭയകക്ഷി ബന്ധത്തിലൂന്നിക്കൊണ്ടുള്ള ചർച്ചകളാണ് പര്യടനത്തിലുണ്ടാവുക എന്ന് റഷ്യൻ വിദേശകാര്യ വകുപ്പ് വക്താവ് വ്യക്തമാക്കി.
ജി സെവൻ രാഷ്ട്രങ്ങൾ നടപ്പിലാക്കുന്ന എണ്ണവിലയിലെ കുറഞ്ഞ പരിധി ഡിസംബർ മുതൽ പ്രാബല്യത്തിൽ വരാനിരിക്കെയാണ് ഇന്ത്യൻ വിദേശകാര്യ വകുപ്പ് മന്ത്രിയുടെ റഷ്യൻ പര്യടനം പ്രഖ്യാപിച്ചത്. നിലവിൽ റഷ്യയുടെ പ്രഥമ പെട്രോളിയം ഇന്ധന ഉപഭോക്താക്കളാണ് ഇന്ത്യ. യുക്രെയിൻ സംഘർഷത്തിനെ തുടർന്നുണ്ടായ ഉപരോധത്തിന്റെ സമയം മുതൽ ഇന്ത്യ റഷ്യയിൽ നിന്നുമാണ് കുറഞ്ഞ വിലയിൽ പെട്രോളിയം ഇന്ധനം വാങ്ങി വരുന്നത്. യുക്രെയിൻ വിഷയത്തിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ റഷ്യയെ പിൻതാങ്ങാതെയും അതേ സമയം തള്ളിപ്പറയാതെയുമുള്ല നിലപാടാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്. അമേരിക്കയിൽ നിന്നടക്കം കടുത്ത സമ്മർദ്ദമുണ്ടായ സാഹചര്യത്തിലും ഇന്ത്യ യു എൻ സുരക്ഷാ സമിതിയിൽ റഷ്യയ്ക്കെതിരെ വോട്ട് ചെയ്യുന്നതിൽ നിന്ന് വിട്ട് നിൽക്കുകയാണ് ഉണ്ടായത്.