
കൊച്ചി: പൊലീസ് സേനയിലെ ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റത്തിൽ ഉന്നത ഉദ്യോഗസ്ഥരെ വിമർശിച്ച് ഹൈക്കോടതി. പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റ ദൂഷ്യത്തിൽ നടപടി എടുത്തില്ലെങ്കിൽ മേൽ ഉദ്യോഗസ്ഥരും ഉത്തരവാദികളായി മാറുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ വീഴ്ച വരുത്തുന്ന മേൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും മടിക്കില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.പൊലീസുകാരുടെ പെരുമാറ്റച്ചട്ടം സംബന്ധിച്ച റിപ്പോർട്ട് പരിശോധിക്കുന്നതിനിടയിലായിരുന്നു കോടതിയുടെ പരാമർശം.
പൊലീസുകാരുടെ പെരുമാറ്റച്ചട്ടം നിശ്ചയിച്ച് കൊണ്ട് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കിയത് കൊണ്ട് കാര്യമില്ലെന്നും ഉത്തരവ് എല്ലാ ഉദ്യോഗസ്ഥരും പാലിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. പൊതുജനങ്ങളോട് ഇടപഴകുന്നതിലെ മാനദണ്ഡങ്ങൾ വ്യക്തമാക്കിക്കൊണ്ട് സംസ്ഥാന പൊലീസ് മോധാവി പെരുമാറ്റച്ചട്ടം പുറത്തുവിട്ട ശേഷവും പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഇതിന് വിപരീതമായ പെരുമാറ്റമുണ്ടാകുന്ന സാഹചര്യമാണുള്ളത് എന്ന് കോടതി നിരീക്ഷിച്ചു. നിലവിൽ സംസ്ഥാന പൊലീസ് മേധാവി സമർപ്പിച്ച പെരുമാറ്റച്ചട്ടം സംബന്ധിച്ച റിപ്പോർട്ട് പരിശോധിച്ച ശേഷം അതൃപ്തി അറിയിച്ച കോടതി റിപ്പോർട്ട് വീണ്ടും സമർപ്പിക്കാനായി ആവശ്യപ്പെട്ടിട്ടുണ്ട്.