rishi

ലണ്ടൻ:ബ്രിട്ടന്റെ പുതിയ പ്രധാന മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം വാത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് ഋഷി സുനക്. ഇന്ത്യയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ഏറെ ചർച്ച ചെയ്യപ്പെട്ടു. ഒരു ഇന്ത്യൻ വംശജൻ ബ്രിട്ടന്റെ തലപ്പത്തെത്തിയിരിക്കുന്നത് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം സന്തോഷവും അഭിമാനവും ഉള്ള വാർത്തയാണ്. ഇപ്പോഴിതാ ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റിൽ ദീപാവലി ആഘോഷ വിരുന്നിൽ പങ്കെടുക്കുന്ന ഋഷി സുനകിന്റെ ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നു. വിരുന്നിൽ പങ്കെടുക്കുക മാത്രമല്ല ദീപാവലി ആശംസകളും അദ്ദേഹം പങ്കുവച്ചു.

ആശംസയോടൊപ്പം നമ്മുടെ മക്കൾക്കും കൊച്ചു മക്കൾക്കും അവരുടെ ദീപങ്ങൾ തെളിയിക്കാൻ കഴിയുന്ന ഒരു ബ്രിട്ടൺ നിർമ്മിക്കുമെന്ന പ്രതിജ്ഞയും അദ്ദേഹം എടുത്തു. നമ്പർ 10ൽ ഇന്ന് രാത്രിയിൽ നടന്ന ദീപാവലി വിരുന്നിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. നമ്മുടെ മക്കൾക്കും കൊച്ചു മക്കൾക്കും അവരുടെ വിളക്കുകൾ തെളിയിക്കാനും ഭാവിയിലേക്ക് പ്രതീക്ഷയോടെ നോക്കാനും കഴിയുന്ന ഒരു ബ്രിട്ടൺ കെട്ടിപ്പടുക്കാൻ എനിക്കു കഴിയുന്നതെല്ലാം ഞാൻ ചെയ്യും. എല്ലാവർക്കും ദീപാവലി ആശംസകൾ. വിരുന്നിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഋഷി സുനക് ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യ അടക്കിവാണ ബ്രിട്ടന്റെ നേതൃസ്ഥാനത്ത് ഒരു ഇന്ത്യൻ വംശജൻ എത്തിയതു തന്നെ ഇന്ത്യയിലെ ദീപാവലി ആഘോഷങ്ങൾക്കു മാറ്റു കൂട്ടിയിരുന്നു. ഇന്ത്യൻ രീതികൾ പിന്തുടർന്ന ഋഷി സുനകിന്റെ പല പ്രവർത്തികളും ഇന്ത്യക്കാർക്ക് അഭിമാന നിമിഷമായി. അതിനു മാറ്റു കൂട്ടുന്ന വാർത്തകളും ചിത്രങ്ങളുമാണ് ഇപ്പോൾ പുറത്തുവരുന്നത്.