
ആഗ്ര: ഉത്തർ പ്രദേശിലെ എത്മാദ്പൂരിൽ വിവാഹ സൽക്കാരത്തിനിടെ രസഗുള വിളമ്പാത്തതിനെ തുടർന്ന് വരന്റെയും വധുവിന്റെയും ബന്ധുക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അഞ്ചു പേർക്ക് പരിക്കേറ്റു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സണ്ണിയാണ് (22) മരിച്ചത്. മൊഹല്ല ഷെയ്ഖാൻ സ്വദേശി ഉസ്മാന്റെ പെൺമക്കളുടെ വിവാഹ ചടങ്ങിനിടെയായിരുന്നു സംഭവം.
മധുരപലഹാരത്തിന്റെ ക്ഷാമത്തെ ചൊല്ലിയുള്ള തർക്കത്തെതുടർന്ന് ഒരാൾ കത്തികൊണ്ട് സണ്ണിയെ കുത്തുകയായിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിലാണ് അഞ്ചുപേർക്ക് പരിക്കേറ്റത്. കുത്തേറ്റ സണ്ണിയെ (22) ആദ്യം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലും തുടർന്ന് ആഗ്രയിലെ സരോജിനി നായിഡു മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.