
മുംബയ്: വിവാഹിതയായ സ്ത്രീയോട് വീട്ടിലെ ജോലികൾ ചെയ്യാനായി ആവശ്യപ്പെടുന്നത് ക്രൂരതയായി കണക്കാക്കേണ്ടതില്ലെന്ന് ബോംബൈ ഹൈക്കോടതി. ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ ഗാർഹിക പീഡനത്തിനും ക്രൂരതയ്ക്കും കേസെടുക്കണമെന്ന ആവശ്യവുമായി യുവതി സമർപ്പിച്ച ഹർജി പരിഗണിക്കവേ ആയിരുന്നു കോടതിയുടെ നിരീക്ഷണം. ഭർതൃഗൃഹത്തിൽ ഭാര്യ ചെയ്യുന്ന വീട്ടുജോലികൾ ഭൃത്യയുടെ ജോലിയ്ക്ക് സമാനമായി കണക്കാക്കാനാകില്ലെന്ന് പറഞ്ഞ കോടതി യുവതിയുടെ ഹർജി ഇക്കാരണത്താൽ തള്ലുകയും ചെയ്തു.
ഗാർഹിക പീഡന പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് തള്ലണമെന്ന യുവതിയുടെ ഭർത്താവിന്റെ ഹർജി പരിഗണിച്ച ഹൈക്കോടതിയുടെ ഔറംഗസേബ് ബെഞ്ച് ഈ മാസം 21ന് ഫയൽ ചെയ്ത എഫ്ഐആർ റദ്ദാക്കുകയും ചെയ്തു. വീട്ടുജോലി ചെയ്യാൻ താത്പര്യം ഇല്ലായിരുന്നെങ്കിൽ അത് നേരത്തെ തന്നെ ഭർത്താവിനോട് പറയാമായിരുന്നു എന്നും അങ്ങനെയെങ്കിൽ വിവാഹം നടത്തുന്നതിനെക്കുറിച്ച് കൂടുതൽ ചിന്തിക്കാൻ അയാൾക്ക് സമയം ലഭിച്ചേനെ എന്നും കോടതി പരമാർശിച്ചു. വിവാഹം കഴിഞ്ഞ ശേഷമുള്ല ആദ്യ മാസം ഭർത്താവും കുടുംബവും തന്നോട് മര്യാദയോടെ പെരുമാറിയതായി കോടതിയിൽ അറിയിച്ച യുവതി പിന്നീട് തനിക്ക് വീട്ടുജോലിക്കാരിയോടെന്ന പോലുള്ള സമീപനമാണ് നേരിടേണ്ടി വന്നത് എന്ന് ആരോപിച്ചു. പണം ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും ഭർത്താവും മാതാപിതാക്കളും തന്നെ ഉപദ്രവിച്ചതായും യുവതി പരാതിപ്പെട്ടിരുന്നു. എന്നാൽ കേസിൻമേലുള്ല നിരീക്ഷണങ്ങൾ പ്രകാരം കോടതി യുവതിയുടെ ഭർത്താവിനും കുടുംബത്തിനും അനുകൂലമായ വിധി പുറപ്പെടുവിക്കുകയായിരുന്നു.