
ശ്വാസമടക്കിപ്പിടിച്ചിരുന്ന് കാണേണ്ട പല വീഡിയോകളും സോഷ്യൽ മീഡിയയിൽ സുലഭമാണ്. ചെറിയ ഉൾഭയം കാണുന്നവരിൽ സൃഷ്ടിക്കുമെങ്കിലും ഇത്തരം വീഡിയോകൾ ഒഴിവാക്കാതെ കാണാനായിരിക്കും പലരും ശ്രമിക്കുക. കാരണം കാണുന്നവർക്ക് ഒട്ടും പരിചിതമല്ലാത്ത സാഹചര്യത്തിൽ നിന്നുള്ലവയായിരിക്കും ഇത്തരത്തിലുള്ള പല വീഡിയോകളും. കൂടാതെ അത്തരത്തിൽ ഒരു വീഡിയോയിൽ കാണുന്നത് പോലെ സാഹസികത കാണിക്കാനോ അത്തരമൊരു സാഹചര്യത്തിലൂടെ കടന്നു പോകുന്നതിനെക്കാൾ എത്രയോ നല്ലതാണ് വീഡിയോ കണ്ട് ദീർഘനിശ്വാസം വിടുന്നത്. കാണുന്നവർക്ക് വലിയ സാഹസമായി തോന്നുന്ന പ്രവൃത്തി അതി നിസാരം എന്ന ലാഘവത്തിൽ ചെയ്യുന്ന ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്.
ഒരു വളർത്തു മൃഗത്തിനെ ലാളിക്കുന്നത് പോലെ കാട്ടിലെ രാജാവ് എന്ന വിളിപ്പേരുള്ല സിംഹത്തെ പരിപാലിക്കുന്ന വീഡിയോ എങ്ങനെ വൈറലാകാതിരിക്കും എന്ന ചോദ്യത്തിനായിരിക്കും കൂടുതൽ പ്രസക്തി. ഒന്നല്ല രണ്ട് സിംഹങ്ങളോടൊപ്പമാണ് വീഡിയോയിൽ യുവതി പ്രത്യക്ഷപ്പെടുന്നത്. ഇവരുടെ പുറകിലായുള്ല കൂടിനുള്ളിൽ മറ്റൊരു സിംഹത്തിനെയും കാണാം. തന്റെ അടുത്തുള്ള കട്ടിലിന് മുകളിലായിരിക്കുന്ന സിംഹത്തെ യാതൊരു ഭയവുമില്ലാതെ യുവതി തലയിൽ തലോടുകയും മുടി കൈകൊണ്ട് ചീകിയൊതുക്കുന്നുമുണ്ട്. സിംഹത്തിന് സമീപത്ത് തന്നെയായി ഒരു സിംഹിണിയും വിശ്രമിക്കുന്നത് വീഡിയോയിൽ കാണാം. സിംഹങ്ങളെ കഴുത്തിൽ ചങ്ങലയിട്ട് ബന്ധനസ്ഥരാക്കിയിട്ടുണ്ടെങ്കിൽപ്പോലും എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെടാവുന്ന അത്രയും അടുപ്പത്തിലാണ് യുവതിയുള്ലത്.
വൈറൽ വീഡിയോയിലൂടെ തന്റെ മനഃക്കരുത്തിന് പ്രകീർത്തിക്കപ്പെടുകയാണ് സിംഹങ്ങളെ പരിപാലിക്കുന്ന യുവതി. ഇൻസ്റ്റഗ്രാമിൽ പങ്കു വെച്ച വീഡിയോ ഇതിനോടകം തന്നെ 11 മില്ല്യണിലധികം ആളുകൾ കണ്ടു കഴിഞ്ഞു. വീഡിയോ കണ്ട ശേഷം മൃഗശാലയ്ക്കുള്ലിലെ സിംഹത്തെ കാണാൻ തന്നെ ഭയമാണെന്ന് പറഞ്ഞ് യുവതിയുടെ മനോധൈര്യത്തെ അഭിനന്ദിച്ച് കൊണ്ടും അതിനോടൊപ്പം തന്നെ ബാലിശമായ രീതിയിൽ വന്യമൃഗത്തോട് പെരുമാറി യുവതി ജീവൻ തന്നെ പണയപ്പെടുത്തുകയാണ് എന്ന രീതിയിൽ വിമർശനമുന്നയിച്ചും ആളുകൾ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിട്ടുണ്ട്.