
റിയാദ്: റഷ്യ-യുക്രെയിൻ യുദ്ധസാഹചര്യത്തിൽ ആഗോള എണ്ണ പ്രതിസന്ധി തുടരവേ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി സൗദി അറേബ്യ . എണ്ണ വില നിയന്ത്രിക്കാനായി അമേരിക്ക കരുതൽ ശേഖരത്തിൽ നിന്നും കൂടുതൽ എണ്ണ വിതരണം നടത്തിയാൽ അത് സമീപ ഭാവിയിൽ വേദനാജനകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് സൗദി ഊര്‍ജ മന്ത്രി 'പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാൻ' അമേരിക്കൻ പ്രസിഡന്റ് 'ജോ ബൈഡന്' മുന്നറിയിപ്പ് നൽകി.
റഷ്യ -യുക്രെയിൻ യുദ്ധം മൂലം ഉയർന്ന എണ്ണ വില എമർജൻസി സ്റ്റോക്ക് ഉപയോഗത്തിലൂടെ കുറയ്ക്കാനായാണ് അമേരിക്കയുടെ ശ്രമം. അമേരിക്കയിൽ നടക്കാൻ പോകുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുൻപ് എണ്ണ വില നിയന്ത്രണ വിധേയമാക്കുവാനായി നാഷനല്‍ സ്ട്രാറ്റജിക് റിസേര്‍വില്‍ നിന്ന് 15 മില്യണ്‍ ബാരല്‍ എണ്ണ വിപണിയിലേയ്ക്ക് എത്തിക്കാനാണ് ജോ ബൈഡന്റെ തീരുമാനം. ഇത് മണ്ടത്തരമായി പരിണമിക്കുമെന്നാണ് സൗദി മന്ത്രിയുടെ മുന്നറിയിപ്പ്. നേരത്തെ എണ്ണവില ഉയർന്നതിന് അനുസൃതമായി സൗദി അടക്കമുള്ള രാഷ്ട്രങ്ങൾ എണ്ണ ഉത്പാദനം കൂട്ടണം എന്ന നിലപാട് അമേരിക്ക സ്വീകരിച്ചിരുന്നു. എന്നാൽ ഉത്പാദനത്തിൽ കുറവ് വരുത്താനുള്ള തീരുമാനമായിരുന്നു സൗദി അടങ്ങുന്ന ഒപെക് രാജ്യങ്ങൾ കൈക്കൊണ്ടത്. ഈ തീരുമാനം റഷ്യയുടെ നിർദേശ പ്രകാരമെന്നായിരുന്നു അമേരിക്കൻ നിലപാട് . എന്നാൽ ആഗോള എണ്ണ വിപണിയെ അടിസ്ഥാനമാക്കിയുള്ല സാമ്പത്തിക തീരുമാനം മാത്രമായിരുന്നു അത് എന്നായിരുന്നു ഇതിനെക്കുറിച്ച് സൗദിയുടെ പ്രതികരണം.