tiger

ബത്തേരി: വയനാട് ചീരാലിൽ ജനവാസ മേഖലയിലിറങ്ങിയ കടുവ കൂട്ടിലായി. പ്രദേശത്ത് ഒരു മാസമായി ഭീതി പരത്തിയ കടുവ, തോട്ടാമൂല ഫോറസ്റ്റ് ഓഫീസിന് സമീപം വനംവകുപ്പ് സ്ഥാപിച്ച് കൂട്ടിൽ ഇന്ന് പുലർച്ചെയാണ് കുടുങ്ങിയത്. ബത്തേരിയിലെ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി.


നാട്ടിലിറങ്ങിയ കടുവ പതിമൂന്ന് പശുക്കളെയാണ് ഇതുവരെ ആക്രമിച്ചത്. കടുവയ്ക്ക് വേണ്ടി വൈൽഡ് ലൈഫ് വാർഡന്റെ നേതൃത്വത്തിലുള്ള സംഘം ഉൾവനത്തിലടക്കം ദിവസങ്ങളോളം തിരച്ചിൽ നടത്തിയിരുന്നെങ്കിലും അന്ന് ഫലമൊന്നുമുണ്ടായിരുന്നില്ല.

തുടർന്ന് കടുവയെ കണ്ടെത്താൻ 18 നിരീക്ഷണ ക്യാമറകളും മൂന്ന് കൂടുകളും സ്ഥാപിക്കുകയായിരുന്നു. ചീഫ് വെറ്റിനറി സർജൻ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘവും ആർആർടി ടീമും പ്രദേശത്ത് ക്യാംപ് ചെയ്തിരുന്നു. കടുവയ്ക്ക് പത്ത് വയസിലധികം പ്രായമുണ്ട്. ഇതിന്റെ ചിത്രങ്ങൾ 2016ൽ വനംവകുപ്പിന്റെ ക്യാമറയിൽ പതിഞ്ഞിരുന്നു. വയനാട് വന്യജീവി സങ്കേതത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് ചീരാൽ.