
സാൻഫ്രാൻസിസ്‌കോ: ടെസ്‌ല സി ഇ ഒ ഇലോൺ മസ്‌ക് ട്വിറ്ററിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കുകയും ചെയ്‌തതായി റിപ്പോർട്ടുകൾ. ട്വിറ്റർ ഏറ്റെടുക്കൽ ഇടപാട് ഒക്‌ടോബർ 28നുള്ളിൽ പൂർത്തിയാക്കണമെന്ന് കോടതി ഉത്തരവുണ്ടായിരുന്നു.
ട്വിറ്റർ സി ഇ ഒ പരാഗ് അഗർവാൾ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ നെഡ് സെഗാൽ, ലീഗൽ ആൻഡ് പോളിസി ചീഫ് വിജയ ഗഡ്ഡെ എന്നിവരെ മസ്‌ക് പുറത്താക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സി ഇ ഒ അടക്കമുള്ളവർ വ്യാജ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങളിൽ തന്നെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്ന് മസ്‌ക് നേരത്തെ ആരോപിച്ചിരുന്നു.
കഴിഞ്ഞ ദിവസം ട്വിറ്ററിന്റെ സാൻഫ്രാൻസിസ്‌കോ ആസ്ഥാനം ഇലോൺ മസ്‌ക് സന്ദർശിച്ചിരുന്നു. കൈയിലൊരു സിങ്കുമായിട്ടായിരുന്നു അദ്ദേഹം എത്തിയത്. സിങ്ക് ആകാൻ സിങ്കുമായി എന്ന അടിക്കുറിപ്പോടെ മസ്‌ക് ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. പുതിയ ഉത്തരവാദിത്വവുമായി പൊരുത്തപ്പെടാനാണ് സിങ്കുമായി എത്തിയതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ട്വിറ്റർ ബയോയിൽ ചീഫ് ട്വിറ്റ് എന്നു കുറിക്കുകയും ചെയ്‌തു. ഏപ്രിലിലാണ് 4400 കോടി ഡോളറിന് ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുക്കുന്നതായുള്ള വാർത്തകൾ വന്നത്. പിന്നീട് ഇതിൽ നിന്ന് മസ്‌ക് പിന്തിരിഞ്ഞതായും റിപ്പോർട്ടുകൾ വന്നിരുന്നു.