vishnu-priya

കൂത്തുപറമ്പ്: വിഷ്ണുപ്രിയ വധക്കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. പ്രതി ശ്യാംജിത്തും വിഷ്ണുപ്രിയയും തമ്മിൽ അഞ്ച് വർഷത്തോളം പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

അടുത്തിടെ വിഷ്ണുപ്രിയയും ശ്യാംജിത്തും പിരിഞ്ഞു. യുവതി പൊന്നാനിയിലുള്ള മറ്റൊരാളുമായി പ്രണയത്തിലായി. ഒക്‌ടോബർ 21ന് പത്തിനും പന്ത്രണ്ടിനും ഇടയിലാണ് വിഷ്‌ണുപ്രിയ കൊല്ലപ്പെട്ടത്. പൊന്നാനിയിലുള്ള സുഹൃത്തിനെ വിഷ്ണുപ്രിയ വാട്സാപ്പിൽ വീഡിയോ കോൾ ചെയ്യുന്നതിനിടയിലാണ് ശ്യാംജിത്ത് വീട്ടിലെത്തിയത്. ശ്യാമേട്ടൻ വന്നിട്ടുണ്ടെന്നും എന്നെ എന്തെങ്കിലും ചെയ്യുമെന്നും യുവതി സുഹൃത്തിനോട് പറഞ്ഞിരുന്നു. ഉടൻ ഫോൺ കട്ടാവുകയുമായിരുന്നു. വീട്ടിനകത്ത് കിടപ്പുമുറിയിൽ കയറി കഴുത്തിനും കൈക്കും വെട്ടിപ്പരിക്കേൽപ്പിച്ചാണ് ശ്യാംജിത്ത് യുവതിയെ കൊലപ്പെടുത്തിയത്.

അതേസമയം, ശ്യാംജിത്തിനെ കൂത്തുപറമ്പിലെത്തിച്ച് തെളിവെടുത്തു.യുവതിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ വാങ്ങിയ കടയിലെത്തിച്ചായിരുന്നു തെളിവെടുപ്പ്. ഈ മാസം 19ന് വൈകുന്നേരം മൂന്നു മണിയോടെയാണ് ശ്യാംജിത്ത് കൂത്തുപറമ്പിലെ കടയിൽ നിന്നും ചുറ്റിക,ഗ്ലൗസ്,സൈക്കിൾ സ്ക്രൂ എന്നിവ വാങ്ങിയത്.