
കണ്ണൂർ: പയ്യന്നൂർ എം എൽ എ ടി മധുസൂദനനെതിരെ വധഭീഷണി മുഴക്കിയ പൂജാരി പിടിയിൽ. ക്ഷേത്രത്തിൽ പൂജാരിയായി ജോലി ചെയ്തുവരികയായിരുന്ന വിജേഷ് ആണ് പിടിയിലായത്. കോട്ടയം മുണ്ടക്കയത്തുവച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
പ്രതി ഫോണിൽ വിളിച്ചാണ് എം എൽ എയ്‌ക്കെതിരെ വധഭീഷണി മുഴക്കിയത്. ഒക്‌ടോബർ അഞ്ചിന് രാത്രിയായിരുന്നു സംഭവം. എം എൽ എയുടെ മൊബൈൽ ഫോണിലേക്കും ഏരിയാ കമ്മിറ്റി ഓഫീസിലെ ലാൻഡ് ലൈൻ നമ്പരിലേക്കുമാണ് വിജേഷ് വിളിച്ചത്.
എം എൽ എയെ അപായപ്പെടുത്തുമെന്നും ഏരിയാ കമ്മിറ്റി ഓഫീസ് ആക്രമിക്കുമെന്നുമായിരുന്നു വിജേഷിന്റെ ഭീഷണി. തുടർന്ന് എം എൽ എ പൊലീസിൽ പരാതി നൽകുകയായിരുന്നു. 2018ൽ പി ജയരാജനെതിരെയും ഇയാൾ വധഭീഷണി മുഴക്കിയിരുന്നു.
വിജേഷ് ബി ജെ പി പ്രവർത്തകനാണെന്നും, ബി ജെ പിയാണ് സംഭവത്തിന് പിന്നിലെന്നും സി പി എം ആരോപിച്ചു. അതേസമയം, ആരോപണം നിഷേധിച്ച ബി ജെ പി പ്രതിക്ക് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്നും പ്രതികരിച്ചു.