
പെരിങ്ങോട്ടുകര: യുവതിക്ക് അശ്ലീല വീഡിയോ അയച്ച പൊലീസുകാരന് സസ്‌പെൻഷൻ. അന്തിക്കാട് പൊലീസ് സ്റ്റേഷന് കീഴിലുള്ള പെരിങ്ങോട്ടുകര പൊലീസ് ഔട്ട് പോസ്റ്റിലെ ഡ്രൈവർ ജോസഫ് ക്ലീറ്റസിനെയാണ് റൂറൽ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രെ സസ്‌പെൻഡ് ചെയ്തത്. കൊടുങ്ങല്ലൂർ സ്വദേശിയാണ് ഇയാൾ. വാഹന ചെക്കിംഗിനിടെ ചാഴൂർ സ്വദേശിയായ യുവതിയുടെ മൊബൈൽ നമ്പർ ചോദിച്ചു വാങ്ങി ഫോണിൽ വിളിച്ച് ശല്യം ചെയ്യുകയും ഒപ്പം അശ്ലീല വീഡിയോ അയച്ച് അപമാനിക്കുകയുമായിരുന്നുവെന്നാണ് പരാതി.
അന്തിക്കാട് ഇൻസ്‌പെക്ടർ പി.കെ.ദാസ് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ പരാതി സത്യമാണെന്ന് കണ്ടെത്തി. ഇക്കാര്യം സ്ഥിരീകരിച്ച് എസ്.പിക്ക് റിപ്പോർട്ട് നൽകി. തുടർന്നാണ് പൊലീസുകാരനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. ജോലി ചെയ്ത വിവിധ സ്റ്റേഷനുകളിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് ഇയാൾക്ക് പലവട്ടം നടപടി നേരിടേണ്ടി വന്നിട്ടുണ്ട്.