alancier

തിരുവനന്തപുരം: വിഴിഞ്ഞം സമരം നീട്ടിക്കൊണ്ടുപോകുന്നത് ഇടതുപക്ഷ സർക്കാരിന് ഭൂഷണമല്ലെന്ന് സമരത്തിന് ഐക്യദാർഢ്യവുമായി മുതലപ്പൊഴിയിലെത്തിയ നടൻ അലൻസിയർ പറഞ്ഞു. നന്മയുടെ പക്ഷത്ത് നിൽക്കേണ്ട ഇടതുപക്ഷം ഈ സമരം കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, തീരം മതിയെന്നും പള്ളീലച്ചനും പള്ളിയും വേണ്ടെന്നും അദ്ദേഹം പറഞ്ഞപ്പോൾ സമരക്കാർ വേണമെന്ന് മുദ്രവാക്യമുയർത്തി. ' നമ്മുടെ തീരം നമുക്ക് വേണം. നമ്മുടെ പള്ളി വേണ്ട, നമ്മുടെ പള്ളീലച്ചന്മാരും വേണ്ട, കന്യാസ്ത്രീകളും വേണ്ട... ഈ മണ്ണിൽ ജീവിക്കാനുള്ള അവകാശം തീരദേശ വാസികൾക്കാണ് ' എന്നായിരുന്നു അലൻസിയറുടെ വാക്കുകൾ. ഇതോടെ ചുറ്റുംകൂടി നിന്ന സമരക്കാർ മുദ്രാവാക്യം വിളിച്ചു. തീരവും വേണം പള്ളിയും വേണം അച്ചനും വേണമെന്ന് അവർ വിളിച്ചുപറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം, ഈ സത്യം പറയാനുള്ള സ്വാതന്ത്ര്യം ജനാധിപത്യത്തിലുണ്ട്. നിങ്ങളും വേണം മനുഷ്യരും വേണമെന്ന് അലൻസിയർ ഇതിന് മറുപടി നൽകി.

ആദ്യത്തെ കല്ലിടലിൽ നിശബ്‌ദരായവർ ഇപ്പോൾ വെയിലത്ത് ഇറങ്ങിയതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞായിരുന്നു അലൻസിയർ പ്രസംഗം തുടങ്ങിയത്. 'പാവപ്പെട്ടവനു വേണ്ടി ഇപ്പോൾ അരമനയിൽ നിന്നും അച്ചന്മാർ റോഡിലേക്ക് ഇറങ്ങിയല്ലോ. എല്ലാവരുടെ ഉള്ളിലും ജാതിയുണ്ട്. പിന്നാക്കക്കാരനും മുന്നാക്കക്കാരനും എന്ന ജാതി വ്യവസ്ഥ ഇന്നുമുണ്ട്. ബി.ജെ.പിക്ക് മാത്രമല്ല കോൺഗ്രസിനും കമ്മ്യൂണിസ്റ്റിനും ജാതിയുണ്ടെന്നും അലൻസിയർ പറഞ്ഞു