modi

ന്യൂഡൽഹി:കറൻസി നോട്ടുകളിൽ ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ ചേർത്താലേ അടങ്ങൂ എന്ന വാശിയിലാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. നേരത്തേ തന്റെ ആവശ്യം പരസ്യമായി ഉന്നയിച്ച അദ്ദേഹം ഇപ്പോൾ അത് ഉടനടി നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയയ്ക്കുകയും ചെയ്തു. ഇന്ത്യൻ കറൻസിയിൽ മഹാത്മാഗാന്ധിക്കൊപ്പം ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ ചേർക്കണമെന്ന് 130 കോടി ഇന്ത്യക്കാർക്കുവേണ്ടി അഭ്യർത്ഥിക്കുന്നു എന്നാണ് പ്രധാനമന്ത്രിക്കെഴുതിയ കത്തിൽ കേജ്രിവാൾ പറയുന്നത്.


ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഇപ്പോൾ തീരെ പരിതാപകരമായ അവസ്ഥയിലാണെന്നും ദൈവങ്ങളുടെ അനുഗ്രഹം ഉണ്ടായാൽ മാത്രമേ കരകയറ്റാനാവൂ എന്നാണ് കേജ്രിവാൾ പറയുന്നത്. ഇതിനുള്ള ഒറ്റമൂലിയായാണ് കറൻസിയിൽ ഹിന്ദുദൈവങ്ങളുടെ ചിത്രങ്ങൾ കൂടി ഉൾക്കൊള്ളിക്കണമെന്ന ആവശ്യം. തന്റെ ആവശ്യം സാമുദായിക പ്രശ്നമായി മാറുന്നത് ഒഴിവാക്കാനാണ് മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിലെ കറൻസി നോട്ടിൽ ഗണപതിയുടെ ചിത്രമുള്ള കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

ഗുജറാത്തുൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ അടുത്തിടെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും 2024 ൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പും മുന്നിൽകണ്ടാണ് കേജ്രിവാൾ ഇത്തരമൊരു നാടകം കളിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസ് മുക്ത ഭാരതത്തിൽ നിന്ന് മാറി പ്രതിപക്ഷ മുക്ത ഭാരതം എന്ന ലക്ഷ്യം നേടാൻ ശ്രമിക്കുന്ന ബി ജെ പിയെ തടയിട്ട് ഇന്ത്യയുടെ ഭരണം കൈപ്പിടിയിലൊതുക്കുക എന്നതാണ് കേജ്രിവാളിന്റെ ലക്ഷ്യമെന്ന് ഏറെക്കുറെ വ്യക്തമാണ്. ദൈവങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്ന കേജ്രിവാളിന്റെ ആവശ്യത്തെ ആം ആദ്മി പാർട്ടിയുടെ മറ്റു നേതാക്കളും രംഗത്തെത്തിയത് ഇതിന് വ്യക്തമായ തെളിവാണ്. എന്നാൽ കേജ്രിവാളിന്റെ ആവശ്യത്തെ ബി ജെ പി തളളിക്കളയുകയാണ്.