
തിരുവനന്തപുരം: മ്യൂസിയത്തിൽ നടക്കാനിറങ്ങിയ സ്ത്രീയെ ആക്രമിക്കാൻ ശ്രമിച്ചയാളെ പിടികൂടാനാവാതെ പൊലീസ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബുധനാഴ്ച പുലർച്ചെയാണ് നടക്കാനിറങ്ങിയ സ്ത്രീയ്ക്ക് നേരെ ആക്രമണമുണ്ടായത്. പൊലീസിൽ നിന്ന് നീതി കിട്ടുമെന്ന പ്രതീക്ഷയില്ലെന്നാണ് ആക്രമണത്തിനിരയായ സ്ത്രീ പറയുന്നത്.
'മ്യൂസിയം സ്റ്റേഷന് തൊട്ടടുത്താണ് ഈ സംഭവമുണ്ടായത്. നമ്മുടെ ജീവന് എന്ത് സെക്യൂരിറ്റിയാണുള്ളത്. എന്തെങ്കിലുമൊരു ആപത്ത് വന്നുകഴിഞ്ഞാൽ നമ്മളെ സംരക്ഷിക്കാൻ പൊലീസ് ഉണ്ടാകുമെന്ന് ഒരു ധൈര്യമുണ്ടായിരുന്നു. പക്ഷേ ഇപ്പൊൾ എനിക്കൊരു അനുഭവമുണ്ടായപ്പോൾ പ്രതിയെ കണ്ടെത്തുന്നതിനായി ഒരു നടപടിയും അവർ സ്വീകരിച്ചില്ല. സംഭവം നടന്നയുടൻ പൊലീസിനെ വിളിച്ചെങ്കിലും വൈകിയാണ് അവർ എത്തിയത്. പ്രതി സമീപത്ത് എവിടെയോ ഉണ്ടെന്ന് പറഞ്ഞെങ്കിലും അവർ യാതൊരു നടപടിയും സ്വീകരിച്ചില്ല. പ്രതി രക്ഷപ്പെട്ട ശേഷമാണ് പരിശോധന നടന്നത്. പ്രതി പോയ വഴിയ്ക്കുള്ള ക്യാമറകൾ റെക്കോർഡിംഗല്ല ലൈവ് മാത്രമേയുള്ളു എന്നാണ് പൊലീസ് പറഞ്ഞത്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സ്ഥിരം യാത്ര ചെയ്യുന്ന വഴിയാണിത്. ജാമ്യം കിട്ടാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. '- പരാതിക്കാരി പറഞ്ഞു.